കരുതിയിരിക്കുക, ബൊളീവിയയിൽനിന്നുള്ള ഫോൺ കോൾ നിങ്ങൾക്കും വന്നേക്കാം

webtech_news18
തിരുവനന്തപുരം: ബൊളീവിയയിൽനിന്നുള്ള ഫോൺ വിളിയിലൂടെയുള്ള തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പോലീസ്. +5 എന്ന് തുടങ്ങുന്ന നമ്പറില്‍ നിന്നും വ്യാജ ഫോണ്‍ കോളുകള്‍ കേരളത്തിന്‍റെ വിവിധ സ്ഥലങ്ങളിലുള്ളവരുടെ മൊബൈൽ ഫോണിലേക്ക് വരുന്നതായാണ് പൊലീസ് പറയുന്നത്. ഇത്തരം വ്യാജ നമ്പറില്‍ നിന്ന് ഫോൺ വിളി വന്നാല്‍ എടുത്ത് സംസാരിക്കുകയോ തിരിച്ചു വിളിക്കുകയോ ചെയ്യേണ്ടതില്ലെന്നാണ് പോലീസ് നിർദേശം. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കേരള പൊലീസ് മുന്നറിയിപ്പ് നൽകുന്നത്. ബൊളീവിയയിൽനിന്നുള്ള ഫോൺ വിളികളെക്കുറിച്ചുള്ള അന്വേഷണം പോലീസ് ഹൈടെക്ക് സെല്‍ ആരംഭിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിൽ സംശയങ്ങള്‍ ചോദിച്ചവർക്ക് കൃത്യമായ മറുപടിയും പോലീസ് നൽകുന്നുണ്ട്. ഇത്തരത്തില്‍ കോള്‍ ലഭിച്ചവര്‍ ഈ നമ്പര്‍ ബ്ലോക്ക് ചെയ്യുന്നതാണ് ഉചിതം എന്നും നിർദേശിക്കുന്നുണ്ട്. എന്തുതരം തട്ടിപ്പാണ് ഇത്തരം ഫോൺ വിളികളിലൂടെ ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ല. ഇതേക്കുറിച്ച് വിശദമായ അന്വേഷണത്തിലൂടെ മാത്രമേ അറിയാനാകുകയുള്ളുവെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്.
>

Trending Now