സര്‍വന്റൈര്‍ ഗ്ലോബലിനെ കാലിഫോണിയയിലെ നെറ്റ് ഒബ്ജെക്സ് ഏറ്റെടുത്തു

webtech_news18
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ സ്‌കെയില്‍-അപ് ഘട്ടത്തിലുള്ള ബ്ലോക്ക്ചെയിന്‍ കമ്പനിയായ സെര്‍വന്റൈര്‍ ഗ്ലോബലിനെ അമേരിക്കന്‍ കമ്പനി ഏറ്റെടുത്തു. കാലിഫോര്‍ണിയയിലെ നെറ്റ് ഒബ്ജെക്സ് ആണ് സെര്‍വന്റൈര്‍ ഗ്ലോബലിനെ ഏറ്റെടുത്തത്.നിര്‍മിതബുദ്ധി, ബ്ലോക്ക്ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് എന്നീ സാങ്കേതികവിദ്യകള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നെറ്റ്ഒബ്ജെക്സ്, ഗതാഗതം, സ്മാര്‍ട്ട് സിറ്റികള്‍, വിതരണ ശൃംഖല എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതേസമയം ഏറ്റെടുക്കല്‍ കരാറിന്റെ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല. വികസനത്തില്‍ ഏറെ മുന്നോട്ടുപോയ സ്റ്റാര്‍ട്ടപ്പുകളെയാണ് സ്‌കെയില്‍-അപ് ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


ബ്ലോക്ക്ചെയിന്‍ അടിസ്ഥാനമാക്കി തത്സമയ പേമെന്റടക്കമുള്ള സാമ്പത്തിക സാങ്കേതിക ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്ന കമ്പനിയാണ് സെര്‍വന്റൈര്‍. ഫിന്‍ടെക്, ആരോഗ്യ സംരക്ഷണം, കാര്‍ഷിക സാങ്കേതികവിദ്യ, വിതരണ ശൃംഖല എന്ന മേഖലകളിലാണ് സെര്‍വെന്റൈര്‍ ഗ്ലോബലിനു വൈദഗ്ധ്യമുള്ളത്. വടക്കേഅമേരിക്ക, ഇന്ത്യ, ദക്ഷിണ പൂര്‍വേഷ്യ, എന്നിവിടങ്ങളില്‍ നെറ്റ് ഒബ്ജെക്സിന് ഓഫീസുകളുണ്ട്. ലാറ്റിനമേരിക്ക, മധ്യപൂര്‍വേഷ്യ എന്നിവിടങ്ങളില്‍ പ്രതിനിധികളും കമ്പനിക്കുണ്ട്.സമാനസാങ്കേതിക വിദ്യ ഉപയോഗിക്കുന്ന രണ്ട് കമ്പനികളുടെ ഒത്തുചേരലാണ് ഏറ്റെടുക്കലിലൂടെ ഉണ്ടായിരിക്കുന്നതെന്ന് നെറ്റ് ഒബ്ജെക്സ് സിഇഒ രഘു ബാലയും വലിയ ലക്ഷ്യങ്ങളിലേക്കെത്താനുള്ള വഴിയാണ് ഈ ഏറ്റെടുക്കലിലൂടെ ലഭിച്ചിരിക്കുന്നതെന്ന് സെര്‍വെന്റൈര്‍ ഗ്ലോബല്‍ സിഇഒ ഗ്രിഗറി ജേക്കബ്ബും പറഞ്ഞു.
>

Trending Now