വ്യാജ വാർത്തകൾ തടയാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

webtech_news18 , News18
വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും വാട്സ് ആപ്പ് വഴി പങ്ക് വയ്ക്കുന്നത് കുറച്ചൊന്നുമല്ല വാട്സ്ആപ്പിന് തലവേദനയായിരിക്കുന്നത്. തെറ്റായ വാർത്തകൾ പ്രചരിച്ചതു വഴി കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയ സംഘമെന്ന് ആരോപിച്ച് നിരപരാധികളെ കൊലപ്പെടുത്തിയതോടെ വാട്സ്ആപ്പിനോട് കേന്ദ്ര സർക്കാർ വിശദീകരണം ചോദിച്ചിരുന്നു. ഇതിനു പിന്നാലെ വാട്സ് ആപ്പ് വഴി തെറ്റായ വാർത്തകളും വിവരങ്ങളും പ്രചരിക്കുന്നത് തടയാനുള്ള എല്ലാ ശ്രമങ്ങളും വാട്സ്ആപ്പ് ആരംഭിച്ചിരിക്കുകയാണ്.ഇതിന്റെ ഭാഗമായി സസ്പീഷ്യസ് ലിങ്ക് ഡയറക്ഷൻ എന്ന ഫീച്ചർ ആരംഭിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. സംശയാസ്പദമായ ലിങ്കുകൾ കണ്ടെത്തുന്നതിന് വേണ്ടിയാണിത്. ആൻഡ്രോയിഡിലെ 2.18.204 ബീറ്റപതിപ്പിലാണ് പുതിയ ഫീച്ചർ പരീക്ഷിക്കുന്നതെന്ന് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്തിരിക്കുന്നു. വാട്സ്ആപ്പിന് അകത്തുവെച്ചുതന്നെ ലിങ്കുകൾ സംശയാസ്പദമാണോ എന്ന് തിരിച്ചറിയാൻ ഇതിലൂടെ കഴിയുമെന്നാണ് സൂചന.


ലിങ്ക് വ്യാജമാണെന്ന് തിരിച്ചറിഞ്ഞാൽ ഒരു വ്യാജ വെബ്സൈറ്റിലേക്കാണ് ഈ ലിങ്ക് ഉപയോക്താക്കളെ റീഡയറക്ട് ചെയ്യുന്നതെന്ന് ചുവന്ന ലേബൽ നൽകി വാട്സ്ആപ്പ് തന്നെ മുന്നറിയിപ്പ് നൽകും. ഈ മുന്നറിയിപ്പ് കണ്ടിട്ടും വീണ്ടും ലിങ്ക് തുറക്കാനാണ് ഉപഭോക്താവ് ശ്രമിക്കുന്നതെങ്കിൽ മുന്നോട്ടു പോകാനാണോ എന്ന് വാട്സ് ആപ്പ് ചോദിക്കും. ലിങ്ക് ഓപ്പൺ ചെയ്യാനാണ് തീരുമാനമെങ്കിൽ ഓപ്പൺ ലിങ്ക് എന്ന ഓപ്ഷനിൽ ക്ലിക് ചെയ്താൽ മതി. അതല്ല ലിങ്ക് ഓപ്പൺ ചെയ്യുന്നില്ലെങ്കിൽ ഗോബാക് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ മതി.
>

Trending Now