ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ ലക്ഷ്യമിട്ട് വാൾമാർട്ട്

webtech_news18 , News18
സാൻഫ്രാൻസിസ്കോ: ഇന്ത്യയിലെ ഏറ്റവുംവലിയ കമ്പനിയായ ഫ്ലിപ്കാർട്ടിനു പിന്നാലെ ഇന്ത്യയിൽ കൂടുതൽ ഏറ്റെടുക്കലിനൊരുങ്ങി അമേരിക്കൻ റീടെയിൽ ശൃംഖലയായ വാൾമാർട്ട്. വാൾമാ്ർട്ടിന്റെ ടെക്നോളജി യൂണിറ്റായ വാൾമാർട്ട് ലാബ്സ് ആണ് ഇന്ത്യയിലെ ടെക് സ്റ്റാർട്ടപ്പുകളെ ഏറ്റെടുക്കാൻ ലക്ഷ്യംവയ്ക്കുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.ഫ്ലിപ്കാർട്ടിന്റെ 77 ശതമാനം ഓഹരികൾ 16 ബില്യൺ ഡോളറിന് വാങ്ങാൻ വാൾമാർട്ട് മെയിൽ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്റ്റാർട്ടപ്പുകളെ ലക്ഷ്യംവെച്ചിരിക്കുന്നത്. സാങ്കേതിക രംഗത്ത് പുത്തൻ ആശയങ്ങൾ വികസിപ്പിച്ച ചെറിയ സ്റ്റാർട്ടപ്പുകളെയായിരിക്കും വാൾമാർട്ട് ലക്ഷ്യം വയ്ക്കുക.


വാൾമാർട്ട് ലാബ്സിന്റെ ആഗോള തലത്തിലെ മൂന്ന് സുപ്രധാന ഓഫീസുകളിലൊന്ന് ബംഗളൂരുവിലാണ്. 2011ലാണ് ഇത് സ്ഥാപിച്ചത്. അന്നു മുതൽ ബംഗളൂരു ഓഫീസിൽ വേഗത്തിൽ ജീവനക്കാരെ കൂട്ടിച്ചേർക്കാനും കൈകാര്യം ചെയ്യുന്ന ജോലിയുടെ സാധ്യത വർധിപ്പിക്കാനും ശ്രമിക്കുകയാണ്. നിലവിൽ പെയ്മെന്റ് സോഫ്റ്റ് വെയർ, മെഷീൻ ലേണിംഗ് ആപ്ലിക്കേഷൻ, സപ്ലെ ചെയിൻ സിസ്റ്റം, വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ശൃംഖലകൾക്കായി ടെക് വർക്ക് എന്നിവയാണ് വാൾമാർട്ട് ലാബ്സ് ചെയ്തുവരുന്നത്.ഇന്ത്യയുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 2000ത്തോളം എഞ്ചിനിയർമാരെ എടുക്കുന്നുണ്ടെന്നും വാൾമാർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ബംഗളൂരു ഓഫീസിന്റെ മേധാവിയായി ഫ്ലിപ്കാർട്ടിൽ നിന്ന് ഹരി വാസുദേവിനെ വാൾമാർട്ട് കൊണ്ടുവന്നിരുന്നു. 30 പേരുമായിട്ടാണ് ബംഗളൂരു ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. ഇപ്പോൾ നൂറുകണക്കിന് പേരാണ് ബംഗളൂരു ഓഫീസിലുള്ളത്.
>

Trending Now