വ്യാജവാർത്ത കണ്ടെത്താൻ‌ സഹായിക്കുന്നവർക്ക് വൻതുക പ്രഖ്യാപിച്ച് വാട്സ്ആപ്പ്

webtech_news18 , News18 India
വാട്സ്ആപ്പ് വഴി തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിച്ചതു വഴി ആൾക്കൂട്ട ആക്രമണം വർധിച്ച സാഹചര്യത്തിൽ അവയെ നേരിടാൻ പുതിയ വഴിയുമായി വാട്സ് ആപ്പ് രംഗത്ത്. വാട്സ്ആപ്പിലൂടെ തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും പ്രചരിക്കുന്നത് എങ്ങനെയാണെന്നതിനെ കുറിച്ച് പഠനം നടത്തുന്ന സ്വതന്ത്ര ഗവേഷകര്‍ക്ക് 50,000 ഡോളർ നൽകുമെന്ന് പ്രഖ്യാപിച്ച് കമ്പനി അധികൃതർ.ഗവേഷണത്തിനാവശ്യമായ നിർദേശങ്ങൾ വാട്സ് ആപ്പ് ജീവനക്കാർ നൽകുമെന്നും ഗവേഷണത്തിന്റെ സാധ്യത കണ്ടെത്തേണ്ടത് ഗവേഷണം നടത്തുന്നവരാണെന്നും വാട്സ്ആപ്പ് വ്യക്തമാക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർക്കായി യോഗ്യത നിർദേശങ്ങളും നിബന്ധനകളും ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട വിവരങ്ങളും വാട്സ്ആപ്പ് നൽകിയിരിക്കുന്നു. ഇന്ത്യ, ബ്രസീൽ, ഇന്തോനേഷ്യ, മെക്സിക്കോ തുടങ്ങി വാട്സ്ആപ്പ് ആശയ വിനിമയത്തിന് പ്രധാന ഉപാധിയായ രാജ്യങ്ങളിൽ നടത്തുന്ന പഠനത്തിനാണ് മുൻഗണന നൽകുന്നതെന്നും വാട്സ്ആപ്പ് വ്യക്തമാക്കുന്നു.


അവാർഡ് ലഭിക്കുന്നവരെ രണ്ട് വർക്ക് ഷോപ്പിൽ പങ്കെടുക്കാൻ വാട്സ് ആപ്പ് ക്ഷണിക്കുമെന്നും ഇതിൽ വ്യക്തമാക്കുന്നു. എങ്ങനെ വാട്സ്ആപ്പ് പ്രവർത്തിക്കുന്നു, തെറ്റായ വിവരങ്ങൾ‌ പ്രചരിക്കുന്ന സാഹര്യം എന്നിവയാണ് ആദ്യ വർക്ക് ഷോപ്പ് കേന്ദ്രീകരിക്കുന്നത്. അവാർഡ് ലഭിക്കുന്നവരുടെ പ്രാഥമിക കണ്ടെത്തലുകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള സാഹചര്യം ഒരുക്കുന്നതായിരിക്കും രണ്ടാമത്തെ വർക്ക് ഷോപ്പ്.വാട്ആപ്പ് വഴി പ്രചരിച്ച ഒരു വ്യാജ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ തട്ടിക്കൊണ്ട് പോകാനെത്തിയവരെന്ന് ആരോപിച്ച് അഞ്ച് നിരപരാധികളെ തല്ലിക്കൊന്നിരുന്നു. ഇതിനെ തുടർന്ന് വാട്സ്ആപ്പിനോട് കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ഇത്തരം ദുരന്തങ്ങൾ അവസാനിപ്പിക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്നും കേന്ദ്രത്തിനു നൽകിയ വിശദീകരണത്തിൽ വാട്സ്ആപ്പ് വ്യക്തമാക്കിയിരുന്നു. ഈ പ്രശ്നം നേരിടുന്നതിന് സർക്കാരും പൊതുസമൂഹവും സാങ്കേതിക വിദ്യ കമ്പനികളും ഒന്നിച്ച് നിൽക്കണമമെന്നും വാട്സ്ആപ്പ് പറയുന്നു.
>

Trending Now