നിലപാട് വ്യക്തമാക്കി വാട്സ്ആപ്പ്; സന്ദേശങ്ങളുടെ ഉറവിടം പുറത്തുവിടാനാകില്ല

webtech_news18 , News18
ന്യൂഡൽഹി: വാട്സ്ആപ്പ് സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിന് പരിഹാരം കാണണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം വാട്സ്ആപ്പ് തള്ളി. ഇത് എൻഡ്-ടു-എൻഡ് എൻക്രിപ്ഷനെ അട്ടിമറിക്കുമെന്നും ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്നും വാട്സ്ആപ്പ് പറയുന്നു.സെൻസിറ്റീവ് സംഭാഷണങ്ങൾക്കാണ് ആളുകൾ തങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതെന്ന് വാട്സ്ആപ്പ് വ്യക്തമാക്കി. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുമെന്നും ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് വ്യക്തമാക്കുന്നു.


വാട്സ്ആപ്പ് വഴി വ്യാജ സന്ദേശങ്ങൾ പ്രചരിച്ചതിനു പിന്നാലെ ആൾക്കൂട്ട കൊലപാതകങ്ങൾ വർധിച്ചതോടെയാണ് സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ കേന്ദ്ര സർക്കാർ വാട്സ്ആപ്പിനെ സമ്മർദം ചെലുത്തിയത്.സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുന്നത് എൻഡ് ടു എൻഡ് എൻക്രിപ്ഷനെ അട്ടിമറിക്കും. കൂടാതെ വാട്സ്ആപ്പിന്റെ സ്വകാര്യ സ്വഭാവത്തെയും ഇല്ലാതാക്കും. ഇതിനു പുറമെ ഗുരുതരമായി ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്യും. ഉപഭോക്താവിന് വാട്സ്ആപ്പ് നൽകുന്ന സ്വകാര്യ സുരക്ഷ ഒരിക്കലും ദുർബലപ്പെടുത്തില്ല- വാട്സ്ആപ്പ് വക്താവ് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.വാട്സ്ആപ്പ് സിഇഒ ക്രിസ് ഡാനിയേലുമായി കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് നടത്തിയ കൂടിക്കാഴ്ചയിലും സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുന്നത് സംബന്ധിച്ച് താക്കീത് നൽകിയിരുന്നു. സർക്കാരിന്റെ ആവശ്യങ്ങൾ പരിഗണിക്കാമെന്നാണ് വാട്സ്ആപ്പ് സിഇഒ പറഞ്ഞതെന്നാണ് രവി ശങ്കർ പ്രസാദ് കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കിയത്.വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ് തെറ്റായ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിന് സൗകര്യമൊരുക്കാൻ വാട്സ്ആപ്പിനോട് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
>

Trending Now