മോദി സർക്കാരിന്റെ ആ ആവശ്യം വാട്സ്ആപ്പ് തള്ളി

webtech_news18 , News18 India
വാട്സ്ആപ്പ് വഴി വ്യാജ വാർത്തകൾ പ്രചരിച്ചതു മൂലമുണ്ടായ ആൾക്കൂട്ടകൊലപാതകങ്ങൾക്കു പിന്നാലെ ഫെയ്സ്ബുക്കിൻറെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പിനോട് വ്യാജ വാർത്ത പ്രചരിക്കുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. 2019ലെ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ് സർക്കാർ ഇത്തരത്തിലൊരു കാര്യം ആവശ്യപ്പെട്ടിരുന്നത്.വാട്സ്ആപ്പിലൂടെ പ്രചരിക്കുന്ന എല്ലാ ആശയങ്ങളുടെയും ഉടവിടം കണ്ടെത്തുന്നതിനുള്ള സൗകര്യം ഒരുക്കുക എന്നതായിരുന്നു മോദി സർക്കാർ മുന്നോട്ടു വച്ച ഒരു മാർഗം. ഉപഭോക്താക്കൾ ഷെയർ ചെയ്യുന്ന ആശയങ്ങളുടെ സ്വകാര്യത നില നിർത്തുന്ന എൻഡ് ടു എൻഡ് എൻക്രിപ്ഷൻ എന്ന സംവിധാനം ഒഴിവാക്കുക എന്നതാണ് ഇതിലൂടെ സർക്കാർ ഉദ്ദേശിച്ചത്. എന്നാൽ വാട്സ്ആപ്പ് ഈ ആവശ്യം തള്ളിയെന്നാണ് വിവരങ്ങൾ.


വെഞ്ച്വർ ബീറ്റിലെ വിവരങ്ങളനുസരിച്ച് സ്വകാര്യത നിലനിർത്തുക എന്നത് പ്രധാന ഘടകമാണെന്നാണ് വാട്സ്ആപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഇത് ഉപേക്ഷിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നും വാട്സ് ആപ്പ് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം ഇതിനെ ശക്തമായി തന്നെ നേരിടാനാണ് സർക്കാരിന്റെ നീക്കം. നിർദേശം പാലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നാണ് പുറത്തു വരുന്ന സൂചനകൾ.ലോകത്തെമ്പാടുമായി കോടിക്കണക്കിന് ഉപഭോക്താക്കളാണ് വാട്സ്ആപ്പിനുള്ളത്. സ്വകാര്യത സൂക്ഷിക്കുന്നത് കൊണ്ടാണ് ഇത്രയുമധികം ഉപഭോക്താക്കൾ ഉള്ളത്. അതേസമയം എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഒഴിവാക്കിയാൽ വാട്സ്ആപ്പിന്റെ ഈ സ്വീകാര്യത കുറയും.
>

Trending Now