വാട്സ്ആപ്പിൽ നിന്ന് പുറത്തുകടക്കാതെ ഇനി ഇൻസ്റ്റഗ്രാം, യൂട്യൂബ് വീഡിയോ കാണാം

webtech_news18
വാട്സ് ആപ്പ് വിൻഡോയിൽ നിന്ന് പുറത്തുകടക്കാതെ യൂട്യൂബ്, ഇൻസ്റ്റഗ്രാം വീഡിയോകൾ കാണുന്നതിനുള്ള പുതിയ ഫീച്ചർ വാട്സ്ആപ്പിൽ വരുന്നു. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കാണ് പിക്ചർ ഇൻ പിക്ചർ മോഡിൽ വാട്സ്ആപ്പിൽ തന്നെ യൂട്യൂബ്, ഇൻസ്റ്റഗ്രാം വീഡിയോകൾ കാണാൻ സൗകര്യം ലഭിക്കുന്നത്. വാട്സ്ആപ്പ് ആൻഡ്രോയിഡ് വേർഷൻ 2.18.234ലാണ് ഈ സൗകര്യം ലഭിക്കുന്നതെന്നാണ് വാബീറ്റ ഇൻഫോ നൽകുന്ന വിവരം.ഇതിന്റെ പരീക്ഷണം പുരോഗമിക്കുകയാണ്. ഈ സവിശേഷത ഉപഭോക്താക്കളിൽ എത്തിക്കുന്നതിന് മുമ്പ് കൂടുതൽ പരിഷ്കാരങ്ങൾ നടപ്പിലാക്കേണ്ടതുണ്ട്. നിലവിൽ വാട്സ്ആപ്പിൽ വരുന്ന യൂട്യൂബ്, ഇൻസ്റ്റഗ്രാം വീഡിയോ ലിങ്കുകളിൽ ക്ലിക്ക് ആ വീഡിയോകൾ അതേ ആപ്ലിക്കേഷനുകളിൽ മാത്രമാണ് ഓപ്പൺ ആകുന്നത്. എന്നാൽ പിക്ചർ ഇൻ പിക്ചർ മോഡ് വരുന്നതോടെ വീഡിയോകൾ കാണാൻ വാട്സ്ആപ്പിൽ നിന്ന് പുറത്തു കടക്കേണ്ടി വരില്ല. പകരം ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ചാറ്റ് വിൻഡോയ്ക്ക് മുകളിൽ ചൊറിയൊരു ചതുരത്തിൽ വീഡിയോ പ്ലേ ചെയ്യപ്പെടും. അതേസമയം ഇൻസ്റ്റഗ്രാം സ്റ്റോറി ലിങ്ക്സിന് ഈ സൗകര്യം ലഭിക്കില്ല.


വീഡിയോകൾ കണ്ട്കൊണ്ട് തന്നെ ചാറ്റ് തുടരാനാകും. ഒരു ചാറ്റിൽ നിന്ന് മറ്റൊരു ചാറ്റിലേക്ക് പോകാനും കഴിയും. കൂടാതെ വീഡിയോ പ്ലേ ചെയ്യാനും നിർത്തി വയ്ക്കാനുമുള്ള സൗകര്യവുമുണ്ട്. ചെറിയ വിൻഡോയിൽ നിന്ന് ഫുൾ സ്ക്രീൻ ആക്കാം, ക്ലോസ് ചെയ്യാം, വീഡിയോ പ്ലേ ചെയ്തു കൊണ്ടിരിക്കുന്ന ചതുരം സ്ക്രീനിന് എവിടെ വേണമെങ്കിലും നീക്കി വയ്ക്കാം എന്നിവയ്ക്കും സൗകര്യമുണ്ട്.ഐഫോൺ ഉപയോക്താക്കൾക്കായി യൂട്യൂബ് വീഡിയോകൾക്കുള്ള പികചർ ഇൻ പിക്ചർ മോഡ് വാട്സ്ആപ്പ് നേരത്തെ അവതരിപ്പിച്ചിരുന്നു.
>

Trending Now