ഒളിംപിക്സ് മെഡൽ നേടാൻ ഇന്ത്യൻ പരിശീലകർ പോരെന്ന് ഏഷ്യൻ ഗെയിംസ് ജേതാവ്

webtech_news18 , News18 India
ന്യൂഡൽഹി: നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന പരിശീലനം ഒളിംപിക്സ് മെഡൽ നേടുന്നതിന് പര്യാപ്തമല്ലെന്ന് ഏഷ്യൻ ഗെയിംസ് ജേതാവ് വിനേഷ് ഫോഗട്ട്. അടുത്ത ഒളിംപിക്സ് 2020ൽ നടക്കാനിരിക്കേയാണ് ഗുസ്തി താരത്തിന്‍റെ ഈ പരാമർശം. ഇന്ത്യൻ പരിശീലകർക്ക് കീഴിൽ ലഭിച്ചുകൊണ്ടിരിക്കുന്ന പരിശീലനം ഒളിംപിക്സ് മെഡൽ നേടുകയെന്ന വലിയ സ്വപ്നങ്ങൾ നേടുന്നതിന് പര്യാപ്തമല്ലെന്ന് അവർ പറഞ്ഞു. ഓഗസ്റ്റിൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ചായിരുന്നു വിനേഷ് ഗുസ്തിയിൽ സ്വർണം നേടിയത്."ഇന്ത്യൻ പരിശീലകർ മികച്ച റിസൾട്ട് നൽകുന്നുണ്ട്. എന്നാൽ, ഒളിംപിക്സ് പോലെയുള്ള വലിയ മത്സരങ്ങൾക്ക് തയ്യാറെടുക്കുമ്പോൾ വിദേശപരിശീലകരെ ഞങ്ങൾക്ക് വേണം. കാരണം ഒളിംപിക്സിലൊക്കെ മത്സരങ്ങൾ ഒരുപാട് ഉയർന്ന തലത്തിലാണ്. സ്പീഡ്, സ്റ്റാമിന, പുതിയ ടെക്നിക്കുകൾ എന്നിവയെക്കുറിച്ച് വിദേശ പരീശീലകർക്ക് കൂടുതൽ ധാരണയുണ്ടാകും. അതുകൊണ്ടു തന്നെ അതിനനുസരിച്ച് ഓരോ ഗെയിമുമ പ്ലാൻ ചെയ്യാൻ കഴിയും" - സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമോദന ചടങ്ങിലായിരുന്നു വിനേഷ് ഇങ്ങനെ പറഞ്ഞത്.


റിയോ ഒളിംപിക്സിൽ പരുക്കിനെ തുടർന്ന് ആദ്യ റൗണ്ടിൽ തന്നെ പുറത്തായ വിനേഷ് 2020ൽ നടക്കാൻ പോകുന്ന ടോക്കിയോ ഒളിംപിക്സിൽ രാജ്യത്തിന്‍റെ മെഡൽ പ്രതീക്ഷയാണ്. ഈ വർഷം കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും വിനേഷ് സ്വർണം നേടിയിരുന്നു. 2020ലെ ഒളിംപിക്സാണ് വിനേഷിന്‍റെ ഇനിയുള്ള ലക്ഷ്യം.ഇത്തവണത്തെ ഏഷ്യൻ ഗെയിംസിൽ 50 കിലോഗ്രം ഫ്രീസ്റ്റൈൽ ഗുസ്തിയിലായിരുന്നു വിനേഷ് സ്വർണം നേടിയത്. ഇതോടെ, ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന ആദ്യവനിതാ ഗുസ്തി താരമായി വിനേഷ്.
>

Trending Now