ഹനുമാ വിഹാരി.... ഹൈദരാബാദിൽ നിന്ന് ഓവലിലേക്കുള്ള കളിയാത്ര

webtech_news18
ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് ക്യാപ് അണിഞ്ഞ 292ാമത്തെ കളിക്കാരനായി മാറിയിരിക്കുകയാണ് 24കാരനായ ഹനുമാ വിഹാരി. ഓവലിൽ ആരംഭിച്ച അവസാന ടെസ്റ്റ് മത്സരത്തിലാണ് ഹനുമാ അരങ്ങേറ്റം കുറിച്ചത്. ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്ക് പകരക്കാരനായാണ് ഹനുമാ ടീമിലെത്തിയത്.ആന്ധ്രാപ്രദേശിൽ നിന്ന് 18 വർഷത്തിനുശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിൽ എത്തുന്ന താരമാണ് അദ്ദേഹം. ഇപ്പോഴത്തെ മുഖ്യ സെലക്ടർ എം.എസ്.കെ പ്രസാദ് ആയിരുന്നു ആന്ധ്രയിൽ നിന്ന് ടെസ്റ്റ് കളിച്ച അവസാന താരം. 2000ത്തിലാണ് അദ്ദേഹം ഇന്ത്യയ്ക്ക് വേണ്ടി അവസാന ടെസ്റ്റ് കളിച്ചത്. ഇതിനുശേഷം ഇന്ത്യയുടെ വെള്ളക്കുപ്പായം അണിയാൻ ആന്ധ്രയിൽ നിന്നും ഇതുവരെ ആരും ഉണ്ടായിട്ടില്ല.


'സത്യം പറഞ്ഞാൽ ചന്ദ്രനും മുകളിൽ നിൽക്കുന്നതുപോലെ തോന്നുന്നു. ഇത് എന്റെ കരിയറിലെ ചരിത്ര നിമിഷമാണ്'- ടീമിലേക്ക് തെരഞ്ഞെടുത്തതിന് പിന്നാലെ ഹനുമായുടെ പ്രതികരണം ഇങ്ങനെയായിരുന്നു. 


ഏറ്റവും മികച്ച ബാറ്റിംഗ് ശരാശരിഇന്ത്യന്‍ ക്രിക്കറ്റില്‍ അത്ര സുപരിചിതനല്ലാത്ത താരമാണ് ഹനുമാ. ഐപിഎലിലും ജൂനിയര്‍ ലോകകപ്പുകളിലുമെല്ലാം കളിച്ചിട്ടുണ്ടെങ്കിലും അത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ നിലവിൽ ലോകത്തിലെ മികച്ച ഫസ്റ്റ് ക്ലാസ് ശരാശരി ഇദ്ദേഹത്തിന്റെ പേരിലാണെന്ന് അറിഞ്ഞാൽ‌ ആരും മൂക്കത്ത് വിരൽവയ്ക്കും. 59.45 ആണ് ശരാശരി. വിഹാരി കഴിഞ്ഞാൽ തൊട്ടടുത്തുള്ളത് സ്റ്റീവ് സ്മിത്താണ് (57.27).2012ലെ അണ്ടര്‍ 19 ലോകകപ്പ് ടീമംഗംഉന്മുക്ത് ചാന്ദ് നയിച്ച അണ്ടര്‍ 19 ടീം ഓസ്ട്രേലിയയിൽ ലോക ചാംപ്യന്‍മാരായപ്പോള്‍ സംഘത്തില്‍ വിഹാരിയുമുണ്ടായിരുന്നു. എന്നാല്‍ ടൂര്‍ണമെന്റില്‍ താരത്തിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല. ആറ് ഇന്നിങ്‌സുകളില്‍ നിന്നും വെറും 71 റണ്‍സാണ് വിഹാരി നേടിയത്. 11.83 ആയിരുന്നു ശരാശരി.ഹൈദരാബാദ് വിട്ട് ആന്ധ്രയിലേക്ക് മാറാനുള്ള തീരുമാനം വഴിത്തിരിവായിആഭ്യന്തര ക്രിക്കറ്റില്‍ ഹൈദരാബാദ് വിട്ട് ആന്ധ്രയിലേക്ക് മാറാനുള്ള വിഹാരിയുടെ നീക്കമാണ് കരിയറില്‍ വഴിത്തിരിവായത്. 2016-17 സീസണിനു മുമ്പായിരുന്നു ഇത്. ആന്ധ്രയ്‌ക്കൊപ്പം കന്നി സീസണില്‍ തന്നെ വിഹാരി റണ്‍സ് വാരിക്കൂട്ടി. 57.33 ശരാശരിയില്‍ 688 റണ്‍സാണ് താരം അടിച്ചെടുത്തത്.
2017-18 രഞ്ജി സീസണില്‍ വിഹാരി പ്രകടനം ഒന്നുകൂടി മെച്ചപ്പെടുത്തി. 94 എന്ന അമ്പരപ്പിക്കുന്ന ബാറ്റിങ് ശരാശരിയില്‍ 752 റണ്‍സാണ് താരം നേടിയത്. ഒഡീഷയ്ക്കെതിരെ കന്നി ട്രിപ്പിൾ സെഞ്ച്വറിയും നേടി. 63 ഫസ്ട് ക്ലാസ് മത്സരങ്ങളിൽ നിന്നായി 5142 റൺസ് നേടിയിട്ടുണ്ട്. 15 സെഞ്ച്വറികളും 24 അർധസെഞ്ച്വറികളും നേടി.ഇന്ത്യന്‍ എ ടീമിനായി തിളങ്ങിആഭ്യന്തര ക്രിക്കറ്റിനൊപ്പം ഇന്ത്യന്‍ എ ടീമിനു വേണ്ടിയും വിഹാരി ഗംഭീര പ്രകടനമാണ് നടത്തിയത്. നാട്ടിലും വിദേശത്തും നടന്ന മത്സരങ്ങളിലെല്ലാം താരം സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചു. അവസാനമായി ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ എ ടീമിനു വേണ്ടിയും വിഹാരി റണ്‍സ് അടിച്ചുകൂട്ടി.
ഈ വര്‍ഷം ഇന്ത്യ എയ്ക്കു വേണ്ടി അവസാനമായി കളിച്ച 11 മത്സരങ്ങളില്‍ നിന്നും 612 റണ്‍സാണ് താരം നേടിയത്. രണ്ടു സെഞ്ച്വറികളും മൂന്നു അർധ സെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു.വലിയ സ്കോറുകൾക്കായുള്ള ഒടുങ്ങാത്ത ആഗ്രഹംറൺസ് നേടാനുള്ള അതിയായ ആഗ്രഹമാണ് വിഹാരി പ്രകടിപ്പിക്കുന്നത്. ക്രീസിൽ പരമാവധിനേരം ചെലവിടാൻ താരം ആഗ്രഹിക്കുന്നു. മറ്റു ഇന്ത്യൻ താരങ്ങളെ അപേക്ഷിച്ചുനോക്കുമ്പോൾ ബാക് ഫുട്ടിൽ കളിക്കാനാണ് ഇഷ്ടപ്പെടുന്നത്. വിക്കറ്റിനിരുവശങ്ങളിലും കളിക്കാൻ ഒരുപോലെ മിടുക്ക്. പന്തിന്റെ ലെങ്ത് നേരത്തെ മനസിലാക്കാനുള്ള കഴിവും അനുകൂലഘടകമാണ്. പ്രയാസമേറിയ പിച്ചുകളിലും കളിക്കാൻ സാധിക്കുന്ന ടെക്നിക്കുകൾക്ക് ഉടമ. സ്ട്രെയിറ്റ് ബാറ്റ് ഉപയോഗിച്ച് നന്നായി കളിക്കും.ഐപിഎല്‍ അരങ്ങേറ്റം2013ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലൂടെ വിഹാരി ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചു. രണ്ടു സീസണുകളില്‍ (2013,15) ഹൈദരാബാദ് ടീമില്‍ അംഗമായിരുന്നു താരം. കന്നി സീസണില്‍ 17 മത്സരങ്ങളില്‍ വിഹാരിക്ക് കളിക്കാന്‍ അവസരം ലഭിച്ചു. എന്നാല്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിയാതിരുന്നതോടെ തൊട്ടടുത്ത സീസണില്‍ ഒഴിവാക്കപ്പെട്ടു. 2015ല്‍ വിഹാരിയെ ഹൈദരാബാദ് വീണ്ടും ടീമിലേക്കു കൊണ്ടുവന്നിരുന്നു. എന്നാല്‍ അതിനു ശേഷം ഒരു ഐപിഎല്ലില്‍ പോലും താരത്തിന് അവസരം ലഭിച്ചില്ല. കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ വിഹാരിയെ ഒരു ടീമും വാങ്ങിയിരുന്നില്ല. ഇപ്പോൾ ബംഗ്ലാദേശ് ക്രിക്കറ്റ് ലീഗിലും എസ്സെക്സ് ഫസ്റ്റ് ഡിവിഷൻ ലീഗിലും കളിക്കുന്നുണ്ട്.
>

Trending Now