ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടേത് ചരിത്രം തിരുത്തിയ പ്രകടനം

webtech_news18
ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടമാണ് ഇന്തോനേഷ്യയിൽ ഇന്ത്യ പുറത്തെടുത്തത്. 69 മെഡലുകൾ നേടിയ ഇന്ത്യ 2010 ഏഷ്യൻ ഗെയിംസിലെ പ്രകടമാണ് മറികടന്നത്. പതിവ് തെറ്റാതെ അത്ലറ്റിക്സിൽ നിന്ന് തന്നെയായിരുന്നു ഇന്ത്യയുടെ മെഡലുകളിലധികവും. 312 പുരുഷൻമാരും 260 വനിതകളുമടക്കം 572 അംഗ ടീമിനെയാണ് ഇന്ത്യ ജക്കാർത്തയിൽ അണി നിരത്തിയത്. 36 ഇനങ്ങളിൽ മാറ്റുരച്ച ഇന്ത്യൻ സംഘം 15 സ്വർണവും 24 വെള്ളിയും 30 വെങ്കലവുമാണ് കൊയ്തെടുത്തത്. ഗ്വാങ്ഷു ഗെയിംസിൽ നേടിയ 65 മെഡലുകളായിരുന്നു ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. ഈ നേട്ടമാണ് ജക്കാർത്തയിൽ ഇന്ത്യ മറികടന്നത്. 1951ൽ ന്യൂഡൽഹി വേദിയായ ആദ്യ ഏഷ്യാഡിൽ നേടിയ 15 സ്വർണമെന്ന ചരിത്ര നേട്ടത്തിനൊപ്പമെത്താനും ഇന്ത്യക്കായി.ട്രാക്ക് ആന്റ് ഫീൽഡിൽ നിന്നു തന്നെയാണ് ഇത്തവണയും ഇന്ത്യ കൂടുതൽ മെഡലുകൾ കരസ്ഥമാക്കിയത്. ഏഴ് സ്വർണവും 10 വെള്ളിയും രണ്ട് വെങ്കലവുമാണ് അത്ലറ്റിക്സ് ഇനങ്ങളിൽ നിന്ന് ഇന്ത്യ നേടിയത്. അത്ലറ്റിക്സ് കഴിഞ്ഞാൽ രണ്ട് വീതം സ്വർണം സമ്മാനിച്ച ഷൂട്ടിങും ഗുസ്തിയുമാണ് ഇന്ത്യക്ക് തുണയായത്. ആദ്യമായി ഗെയിംസിൽ ഉൾപെടുത്തിയ ബ്രിഡ്ജിൽ നിന്ന് ഒരു സ്വർണവും രണ്ട് വെങ്കലവും ഇന്ത്യ കരസ്ഥമാക്കിയപ്പോൾ റോവിങ്, ടെന്നീസ്, ബോക്സിങ് ഇനങ്ങളിൽ ഓരോ സ്വർണവും നേടി.

ജാവലിൻ ത്രോയിൽ ദേശീയ റെക്കോർഡ് പ്രകടനവുമായി സ്വർണമണിഞ്ഞ നീരജ് ചോപ്ര, ഹെപ്റ്റാത്ലണിൽ ചരിത്ര സ്വർണമണിഞ്ഞ സ്വപ്ന ബർമൻ, 48 വർഷത്തിന് ശേഷം ട്രിപിൾ ജമ്പിൽ സ്വർണം കരസ്ഥമാക്കിയ അർപിന്ദർ സിങ്, അത്ഭുതക്കുതിപ്പുമായി വിസ്മയിപ്പിച്ച മൻജിത്ത് സിങും ഹിമ ദാസും ജിൻസൺ ജോൺസണും ദ്യുതി ചന്ദും പിന്നെ ഷോട്ട് പുട്ടിൽ തേജീന്ദർ പാലും ഗുസ്തിയിൽ വിനേഷ് ഫോഗട്ടും ഷൂട്ടിങിൽ സൗരവ് ചൗധരിയുമെല്ലാം നടത്തിയ മുന്നേറ്റമാണ് ത്രിവർണ പതാകയെ ജക്കാർത്തയിൽ ഉയരത്തിൽ പറത്തിയത്.

Trending Now