വീണ്ടും ചരിത്രമെഴുതി ഇന്ത്യ: ജാവലിനിൽ നീരജ് ചോപ്രയ്ക്ക് സ്വർണം

webtech_news18
ജക്കാർത്ത: ജാവലിൻ ത്രോയിൽ നീരജ് ചോപ്ര സ്വർണം നേടി. 88.06 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ച് തന്റെ തന്നെ ദേശീയ റെക്കോർഡും തിരുത്തിയാണ് നീരജിന്റെ സുവർണനേട്ടം. ദോഹയിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ 87.43 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ച് നേടിയ ദേശീയ റെക്കോർഡാണ് ജക്കാർത്തയിൽ നീരജ് തിരുത്തിയത്. ഇതോടെ എട്ടു സ്വർണവും 13 വെള്ളിയും 20 വെങ്കലവും ഉൾപ്പെടെ ഇന്ത്യയുടെ ആകെ മെഡൽനേട്ടം 41 ആയി.കോമൺവെൽത്ത് ഗെയിംസിലും നീരജ് സ്വർണം നേടിയിരുന്നു. ജക്കാർത്തയിൽ ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യയുടെ പതാകവാഹകനും ഈ 20കാരനായിരുന്നു. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് നീരജിന്റെ സുവർണനേട്ടമെന്നതും ശ്രദ്ധേയം. ചൈനയുടെ ക്വിഴൻ ലിയു 82.22 മീറ്ററുമായി വെള്ളിയും പാകിസ്താന്റെ നദീം അർഷാദ് 80.75 മീറ്ററോടെ വെങ്കലവും നേടി.


നീരജിന്റെ സുവർണനേട്ടത്തിനു പുറമെ മലയാളി താരം നീന പിന്റോ (വി.നീന), തമിഴ്നാട്ടുകാരൻ ധരുൺ അയ്യസാമി, ഉത്തർപ്രദേശുകാരി സുധ സിങ് എന്നിവരിലൂടെ ഇന്ന് മൂന്നു വെള്ളി മെഡലുകളും ഇന്ത്യ സ്വന്തമാക്കി. പുരുഷവിഭാഗം 400 മീറ്റർ ഹർഡിൽസിലാണ് ധരുൺ വെള്ളി നേടിയത്. ദേശീയ റെക്കോർഡോടെ 48.96 സെക്കന്റിൽ ഓടിയെത്തിയാണ് ധരുണിന്റെ വെള്ളിനേട്ടം. 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്സിലാണ് സുധ സിങ്ങിന്റെ മെഡൽ നേട്ടം. 9:40.03 മിനിറ്റിലാണ് സുധ ഫിനിഷ് ചെയ്തത്. വനിതകളുടെ ലോങ്ജംപിലാണ് നീന പിന്റോ വെള്ളി നേടിയത്. 6.51 മീറ്റർ ദൂരം താണ്ടിയ നീന ഇന്ത്യയ്ക്ക് 40ാം മെഡലും സമ്മാനിച്ചു. 
>

Trending Now