ജക്കാർത്തയിൽ മലയാളത്തിളക്കം; ജിൻസന് സ്വർണം, ചിത്രയ്ക്ക് വെങ്കലം

webtech_news18
ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ സ്വർണവും വെങ്കലവും സമ്മാനിച്ച് മലയാളി താരങ്ങൾ. പുരുഷവിഭാഗം 1500 മീറ്ററിൽ ജിൻസൺ ജോൺസൻ സ്വർണവും വനിതാ വിഭാഗത്തിൽ പി.യു ചിത്ര വെങ്കലവും നേടി. 800 മീറ്ററിൽ വെള്ളി നേടിയ ജിൻസൺ ഇതോടെ ഡബിൾ തികച്ചു.12 സ്വർണവും 20 വെള്ളിയും 26 വെങ്കലവും ഉൾപ്പെടെ 58 മെഡലുകളാണ് ജക്കാർത്തയിൽ ഇതുവരെ ഇന്ത്യയുടെ സമ്പാദ്യം. 1,500 മീറ്റർ ഫൈനലിൽ വെങ്കലം നേടിയാണ് ചിത്ര ഇന്ത്യയ്ക്കായി ഇന്നത്തെ അക്കൗണ്ട് തുറന്നത്. 4:12.56 സെക്കൻഡിലാണ് ചിത്ര മൂന്നാമതായി ഓടിയെത്തിയത്. ബഹ്റൈൻ താരം കൽകിഡാൻ ബെഫ്കാഡു (4:07.88) സ്വർണവും ബഹ്റൈന്റെ തന്നെ ടിജിസ്റ്റ് ബിലേ (4:09.12) വെള്ളിയും നേടി.


ചിത്രയുടെ മെഡൽ നേട്ടത്തിനിടയിലും പുരുഷ വിഭാഗം ഹോക്കിയിൽ നിലവിലെ ചാംപ്യൻമാർ കൂടിയായ ഇന്ത്യ സെമിയിൽ തോറ്റത് നിരാശയായി. മലയാളി താരം ശ്രീജേഷ് നയിക്കുന്ന ഇന്ത്യ, പെനൽറ്റി ഷൂട്ടൗട്ടിൽ മലേഷ്യയോടാണ് തോറ്റത്. മുഴുവൻ സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി സമനില പാലിച്ചതിനെ തുടർന്നാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്.
>

Trending Now