ഇന്ത്യൻ ക്രിക്കറ്റിലെ 'വിസ്മയതാരം' ടെസ്റ്റ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു

webtech_news18
ലണ്ടൻ: സതാംപ്ടൺ ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിൽ മാറ്റത്തിന് കളമൊരുങ്ങുന്നു. ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പതിനെട്ടുകാരൻ പൃഥ്വി ഷാക്ക് അടുത്ത ടെസ്റ്റിൽ അവസരം നൽകുമെന്നാണ് സൂചന. ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി വാഗ്ദ്ധാനമായും കോലിയുടെ പിൻമുറക്കാരനായുമൊക്കെയാണ് പൃഥ്വി ഷായെ കളിയെഴുത്തുകാർ വിശേഷിപ്പിക്കുന്നത്. പൃഥ്വി ഷായുടെ നായകത്വത്തിലാണ് ഇന്ത്യ കഴിഞ്ഞ ജൂനിയർ ലോകകപ്പ് കിരീടം നേടിയത്. ഓവലിൽ അശ്വിനും പുറത്തിരിക്കാനാണ് സാധ്യത. ഇംഗ്ലണ്ട് ടീമിൽ മാറ്റമുണ്ടായേക്കില്ല.സതാംപ്ടൺ ടെസ്റ്റോടെ പരമ്പര നഷ്ടമായ ടീം ഇന്ത്യ, ആശ്വാസ ജയത്തോടെ പര്യടനം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ്. മറ്റന്നാൾ തുടങ്ങുന്ന അവസാന ടെസ്റ്റിൽ ടീമിൽ മാറ്റമുണ്ടാകുമെന്നുറപ്പ്. നാല് ടെസ്റ്റിലും നിരാശപ്പെടുത്തിയ കെ എൽ രാഹുൽ പുറത്തിരിക്കാനാണ് സാധ്യത. സ്ലിപ്പിൽ രാഹുലിന്റെ കൈകൾ ഭദ്രമെങ്കിലും ബാറ്റിംഗിൽ ഇൻസ്വിംഗറുകൾക്ക് മുന്നിൽ പകച്ചുനിൽക്കുകയാണ് താരം.


നാലാം ടെസ്റ്റിന് മുമ്പ് ടീമിനൊപ്പം ചേർന്ന പൃഥ്വി ഷാ, ശിഖർ ധവാനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനാണ് സാധ്യത. പരിക്കേറ്റ ആർ അശ്വിൻ അവസാന ടെസ്റ്റിൽ കളിച്ചേക്കില്ല. കഴിഞ്ഞ മത്സരത്തിനിടെയാണ് അശ്വിന് പരിക്കേറ്റത്. ഇംഗ്ലണ്ട് സ്പിന്നർ മോയിൽ അലി മാൻ ഓഫ് ദ മാച്ചായ മത്സരത്തിൽ അശ്വിന് കാര്യമായി ഒന്നും ചെയ്യാനായിരുന്നില്ല. അശ്വിൻ പുറത്തിരുന്നാൽ രവീന്ദ്ര ജഡേജക്ക് പരമ്പരയിൽ ആദ്യമായി അവസരം കിട്ടിയേക്കും. വെള്ളിയാഴ്ചയാണ് ഇന്ത്യ - ഇംഗ്ലണ്ട് അവസാന ടെസ്റ്റ് തുടങ്ങുന്നത്.
>

Trending Now