ചരിത്രമെഴുതി പി.വി സിന്ധു; ഏഷ്യൻ ഗെയിംസിൽ ബാഡ്മിന്റൺ ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത

webtech_news18
ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ പുതുചരിത്രമെഴുതി പി.വി സിന്ധു. ലോക രണ്ടാം നമ്പർതാരം ജപ്പാൻറെ അകാനെ യമാഗുച്ചിയെ വീഴ്ത്തി സിന്ധു ഫൈനലിൽ പ്രവേശിച്ചു. എഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻതാരം ബാഡ്മിന്റണ്‍ വനിതാ സിംഗിൾസ് ഫൈനലിലെത്തുന്നത്. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് ജപ്പാൻ താരത്തെ വീഴ്ത്തിയാണ് സിന്ധുവിന്റെ ഫൈനൽ പ്രവേശം. സ്കോർ: 21-17, 15-21, 21-10. ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ ലോക ഒന്നാം നമ്പർ താരം ചൈനീസ് തായ്പേയിയുടെ തായ് സൂ യിങ്ങാണ് സിന്ധുവിന്റെ എതിരാളി.സിന്ധുവിനു മുൻപേ ക്വർട്ടർ കടമ്പ കടന്ന സൈന നെഹ്‌വാൾ സെമിയിൽ പരാജയപ്പെട്ടിരുന്നു. ആദ്യ സെമി പോരാട്ടത്തിൽ ചൈനീസ് തായ്പേയിയുടെ ലോക ഒന്നാം നമ്പർ താരം തായ് സൂ യിങ് നേരിട്ടുള്ള സെറ്റുകൾക്കാണ് സൈനയെ വീഴ്ത്തിയത്. സ്കോർ: 21–17, 21–14.ഇതോടെ സൈനയുടെ പോരാട്ടം വെങ്കല മെഡലിൽ ഒതുങ്ങി.


നേരത്തെ, മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ തായ്‌ലൻഡിന്റെ നിച്ചയോൺ ജിൻഡപോളിനെ തോൽപിച്ചാണു സിന്ധു സെമിയിലെത്തിയത്. കഴിഞ്ഞ മാസം നടന്ന ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിലും സിന്ധു ഫൈനലിൽ കടന്നിരുന്നു. അന്ന് സ്പാനിഷ് താരം കരോലിന മരിനോടു തോറ്റ സിന്ധുവിന്റെ നേട്ടം വെള്ളി മെഡലിലൊതുങ്ങുകയായിരുന്നു. അതിനു മുൻപു നടന്ന റിയോ ഒളിംപിക്സിലും ഇതേ എതിരാളിയോടു തോറ്റ സിന്ധുവിന് വെള്ളിമെഡലാണ് ലഭിച്ചത്.നിലവിൽ ഏഴു സ്വർണവും 10 വെള്ളിയും 20 വെങ്കലവും ഉൾപ്പെടെ 37 മെഡലുകളാണ് ഇന്ത്യയ്ക്കുള്ളത്.
>

Trending Now