ഇംഗ്ലണ്ട‌ിന് 233 റൺസ് ലീഡ്, ഷമിക്ക് മൂന്ന് വിക്കറ്റ്

webtech_news18
സൗതാംപ്ടൺ: ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് 233 റൺസ് ലീഡ്. മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തിൽ 260 റണ്‍സെന്ന നിലയിലാണ്. ഓപ്പണർ അലസ്റ്റയർ കുക്ക് (12), മോയിൻ അലി (9), കീറ്റണ്‍ ജെന്നിങ്സ് (36), ജോണി ബെയർസ്റ്റോ (0), ജോ റൂട്ട് (48), ബെന്‍ സ്റ്റോക്സ് (30), ജോസ് ബട്‍ലർ (69), ആദിൽ റാഷിദ് (11) എന്നിവരാണ് പുറത്തായത്. 37 റൺസുമായി സാം കുറൻ പുറത്താകാതെ നിൽക്കുന്നു. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ഇഷാന്ത് ശർമ രണ്ടും ജസ്പ്രീത് ബുമ്ര, ആർ. അശ്വിൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.വിക്കറ്റ് നഷ്ടം കൂടാതെ ആറു റൺസെന്ന നിലയിൽ ബാറ്റിങ് പുനഃരാരംഭിച്ച ഇംഗ്ലണ്ടിന് സ്കോർ 24ൽ എത്തിയപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമായി. 12 റൺസെടുത്ത കുക്കിനെ ജസപ്രീത് ബുമ്ര സ്ലിപ്പിൽ രാഹുലിന്റെ കൈകളിലെത്തിച്ചു. മൂന്നാമനായി ക്രീസിലെത്തിയ മോയിൻ അലി സ്കോർ 33ൽ നിൽക്കെ ഇഷാന്തിന്റെ പന്തിൽ പുറത്തായി. ഇക്കുറിയും ക്യാച്ച് സ്ലിപ്പിൽ രാഹുലിന്. 15 പന്തിൽ രണ്ടു ബൗണ്ടറികളോടെ നേടിയ ഒൻപതു റൺസായിരുന്നു സമ്പാദ്യം.


മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ ജോ റൂട്ടും കീറ്റൻ ജെന്നിങ്സുമാണ് ഇംഗ്ലണ്ടിനെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. മൂന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തെങ്കിലും സ്കോർ 92ൽ നിൽക്കെ ജെന്നിങ്സ് പുറത്തായി. മുഹമ്മദ് ഷമിയുടെ പന്തിൽ എൽബിയിൽ കുരുങ്ങി പുറത്താകുമ്പോൾ 36 റൺസായിരുന്നു ജെന്നിങ്സിന്റെ സമ്പാദ്യം. ഇതിനു പിന്നാലെ ലഞ്ചിനു പിരിയാൻ അംപയർമാർ തീരുമാനിച്ചു.ലഞ്ചിനുശേഷം തിരിച്ചെത്തിയശേഷമുള്ള ആദ്യ പന്തിൽ ബെയർസ്റ്റോയെ ഷമി പൂജ്യനായി മടക്കി. ഇതോടെ തുടർച്ചയായി രണ്ടു പന്തുകളിൽ വിക്കറ്റ് സ്വന്തമാക്കാനും ഷമിക്കായി. ഇംഗ്ലണ്ടിനായി നിലയുറപ്പിച്ചു വന്ന ജോ റൂട്ട് അർധസെഞ്ചുറിക്കു തൊട്ടരികെ പുറത്തായതോടെ അഞ്ചിന് 122 റൺസ് എന്ന നിലയിലായി ഇംഗ്ലണ്ട്. മികച്ച പ്രകടനവുമായി കളം നിറഞ്ഞ റൂട്ട് റണ്ണൗട്ടാവുകയായിരുന്നു.നേരത്തെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്റെ 246 റൺസ് പിന്തുടർന്നിറങ്ങി 273 റൺസിനു പുറത്തായ ഇന്ത്യ 27 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡും നേടി. പൂജാര 132 റൺസോടെ പുറത്താകാതെ നിന്നു. 46 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണ് ഇന്നിങ്സിലെ രണ്ടാം ടോപ് സ്കോറർ. ഇംഗ്ലണ്ടിനു വേണ്ടി മൊയീൻ അലി അഞ്ചു വിക്കറ്റ് വീഴ്ത്തി.
>

Trending Now