കോർട്ടിൽ വസ്ത്രം മാറിയ വനിതാതാരത്തിനെതിരായ നടപടി വിവാദമാകുന്നു

webtech_news18
ന്യൂയോർക്ക്: യു എസ് ഓപ്പൺ ടെന്നിസിനിടെ കോർട്ടിൽ വച്ച് വസ്ത്രം മാറിയ വനിത താരത്തിനെതിരെ നടപടിയെടുത്തത് വിവാദമാകുന്നു. ഫ്രഞ്ച് താരം അലിസി കോർണെറ്റിനെതിരായ നടപടി ലിംഗവിവേചനമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രതിഷേധം കനത്തതോടെ മാപ്പ് പറഞ്ഞ് തടിയൂരിയിരിക്കുകയാണ് അധികൃതർ.ഫ്രാൻസിന്റെ അലിസി കോർണറ്റും സ്വീഡന്റെ യൊഹാന ലാർസനും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിന്റെ ഇടവേളയിൽ അലിസി ഡ്രസിംഗ് റൂമിലേക്ക് പോയി. പിന്നീട് കോര്‍ട്ടിലേക്ക് തിരിച്ചെത്തിയ അലിസി ടോപ് തിരിച്ചാണ് ഇട്ടിരുന്നത്. ഇത് തിരിച്ചറിഞ്ഞ അലിസി കോർട്ടിൽ വച്ച് തന്നെ ടോപ് അഴിച്ച് നേരെയിട്ടു. തൊട്ട്പിന്നാലെ ചെയർ അമ്പയർ അലിസിയെ താക്കീത് ചെയ്യുകയായിരുന്നു. യു എസ് ഓപ്പൺ നിയമം ഫ്രഞ്ച് താരം തെറ്റിച്ചെന്നായിരുന്നു അമ്പയറുടെ കണ്ടെത്തൽ.


എന്നാൽ അമ്പയറുടെ നടപടി ലിംഗവിവേചനമാണെന്ന് ആരോപണമുയർന്നു. ജോക്കോവിച്ച് അടക്കമുള്ള പുരുഷ താരങ്ങൾ ഷർട്ട് അഴിച്ച് മാറ്റി അർദ്ധനഗ്നരായി ഇരിക്കുമ്പോഴും ഒരു നടപടിയുമുണ്ടാകാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. പ്രതിഷേധം കനത്തതോടെ യു എസ് ഓപ്പൺ അധികൃതർ മാപ്പ് പറഞ്ഞു. അലീസി കോർണറ്റിനെതിരായ നടപടിയിൽ ഖേദിക്കുന്നുവെന്നും കോർട്ടിലെ കസേരയിൽ ഇരിക്കുമ്പോൾ പുരുഷ-വനിത വ്യത്യാസമില്ലാതെ ആർക്കും ഷർട്ട് മാറാമെന്നും അധികൃതർ വിശദീകരിച്ചു. നേരത്തെ ഫ്രഞ്ച് ഓപ്പണിനിടെ സെറീന വില്യംസ് ധരിച്ച ക്യാറ്റ് സ്യൂട്ടിന് നിരോധനം ഏർപ്പെടുത്തിയതും വിവാദമായിരുന്നു. 


>

Trending Now