യുഎഇയിലെ ഏറ്റവും പഴക്കമുള്ള മുസ്ലീം പള്ളി കണ്ടെത്തി

webtech_news18 , News18 India
അബുദാബി: യുഎഇയിൽ ആയിരത്തിലധികം വർഷങ്ങൾ പഴക്കമുള്ള മുസ്ലീം പള്ളി കണ്ടെത്തി. യുഎഇയിലെ അൽ എയ്ൻ പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന ഷെയ്ഖ് ഖാലിഫ് പള്ളിയുടെ പരിസരത്തായാണ് പഴയ പള്ളിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. യുഎഇയിൽ കണ്ടെത്തിയതിൽ ഏറ്റവും പുരാതനമായ പള്ളിയാണ് ഇതെന്ന് ഗവേഷകർ പറയുന്നു.ഇസ്ലാമിന്റെ സുവ‌ർണ കാലഘട്ടമായ അബ്ബാസിദ് ഖലീഫത്തിന്റെ കാലത്ത് നിർമ്മിച്ച മുസ്ലീം പള്ളിയാകാം ഇതെന്നാണ് കണക്കാക്കുന്നത്. മൂന്ന് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ഇവിടേക്കുള്ള പ്രത്യേക ജലപാതകളുമാണ് കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 3000 വർഷങ്ങളുടെ പഴക്കമുള്ള കനാൽ സംവിധാനവും ഉപയോഗിച്ചിട്ടുണ്ട്. കെട്ടിടങ്ങളുടെ ഭിത്തികൾ ചെളി ഉപയോഗിച്ച് നിർമ്മിച്ചതാണ്.


പള്ളികളുടെ ഭിത്തികളിൽ എഴുതാറുള്ള പ്രത്യേക പ്രാർഥനകൾ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് മുസ്ലീം പള്ളി തന്നെയാണിതെന്ന് ഉറപ്പിക്കാൻ സഹായിച്ചത്. ഒൻപതാം നൂറ്റാണ്ടിലും പത്താം നൂറ്റാണ്ടിലും ഉപയോഗിച്ചിരുന്ന പ്രത്യേക പാത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. കാലപ്പഴക്കം നിർണ്ണയിക്കാൻ ഇവ ഉപയോഗപ്പെടുത്തി. മറ്റ് അറേബ്യൻ പ്രദേശങ്ങളിൽ ഉപയോഗിച്ചിരുന്ന വസ്തുക്കളും ഗവേഷകർക്ക് ലഭിച്ചു.യുഎഇയുടെ ഒരുകാലത്തെ പ്രൗഡിയും പാരമ്പര്യം വിളിച്ചോതുന്നതാണ് പള്ളിയുടെ കാലപ്പഴക്കം.  മുൻപ് ലോകത്തെ പ്രമുഖ വാണിജ്യ കേന്ദമായിരുന്നു അൽ എയ്ൻ എന്നതിന്റെ തെളിവായാണ് ഗവേഷകർ ഈ കണ്ടെത്തലുകളെ വിലയിരുത്തുന്നത്.
>

Trending Now