മീൻ പിടുത്തം, വീഞ്ഞ് നിർമാണം.. ആവശ്യം എന്തുമാകട്ടെ, ക്യൂബക്കാർക്ക് 'ഉറ' തന്നെ താരം

webtech_news18
ഹവാന: മീൻ പിടിക്കാൻ, വൈൻകുപ്പികൾ മൂടിവയ്ക്കാൻ, പഞ്ചറുകൾ അടയ്ക്കാൻ, തലമുടി കെട്ടിവയ്ക്കാൻ..... ഗർഭനിരോധന ഉറകളുടെ അനവധിയായ ഉപയോഗം തിരിച്ചറിഞ്ഞവരാണ് കമ്മ്യൂണിസ്റ്റ് ക്യൂബയിലെ ജനങ്ങൾ. അവശ്യവസ്തുക്കളുടെ ക്ഷാമമാണ് ഗർഭനിരോധന ഉറകളുടെ വൈവിധ്യമാർന്ന ഉപയോഗങ്ങൾ കണ്ടുപിടിക്കാൻ അവർക്ക് തുണയായത്.ദശാബ്ദങ്ങൾ നീണ്ട അമേരിക്കൻ ഉപരോധവും സോവിയേറ്റ് സംവിധാനത്തിന്റെ പ്രവർത്തനക്ഷമതയില്ലായ്മയുമെല്ലാം കാരണം ക്യൂബയിലെ കടകളെല്ലാം ഏറെ ക്കുറെ ഒഴിഞ്ഞമട്ടാണ്. വലപ്പോഴും അവശ്യസാധനങ്ങൾ കിട്ടിയാൽ തന്നെ അവയൊക്കെ കരിഞ്ചന്തയിലേക്ക് പോകും. അവിടെ നിന്ന് പലമടങ്ങ് വിലയ്ക്ക് സാധനങ്ങൾ വാങ്ങേണ്ടിവരും. ക്യൂബൻ ജനതയുടെ ശരാശരി മാസവരുമാനം പ്രതിമാസം 30 ഡോളറാണെന്നത് കൂടി കണക്കിലെടുത്താൽ പലർക്കും അവശ്യവസ്തുക്കൾ വാങ്ങുക അസാധ്യം.


അവശ്യസാധനങ്ങൾക്ക് ക്ഷാമമുണ്ടെങ്കിലും ഗർഭനിരോധന ഉറകൾ ഇവിടെ സുലഭമാണ്. ആഭ്യന്തരമായി നിർമിക്കുന്നതിന് പുറമെ ഏഷ്യയിൽ നിന്ന് ഇറക്കുമതിയും ചെയ്യുന്നുണ്ട്. കരീബിയൻ രാജ്യങ്ങൾ ലൈംഗികാരോഗ്യത്തിന് പ്രാധാന്യം നൽകുന്നതും ഇവയുടെ ഉപയോഗം കൂടാൻ കാരണമാണ്. കോണ്ടത്തിന് സർക്കാരിന്റെ സബ്സിഡിയുമുണ്ട്. മൂന്ന് ഉറകളടങ്ങിയ ബോക്സിന് ഒരു ക്യൂബൻ പെസോ ആണ് വില. ഏകദേശം നാല് ഡോളർ സെന്റ്സ്.ഗർഭനിരോധനത്തിനും ലൈംഗിക രോഗങ്ങൾ പകരുന്നത് തടയുന്നതിനും മാത്രമല്ല ക്യൂബക്കാർ കോണ്ടം ഉപയോഗിക്കുന്നത്. 'തങ്ങളുടെ അടുത്തെത്തുന്ന ഉപഭോക്താവിനെ ഹെയർബാന്ഡില്ലെന്ന പേരിൽ നിരാശരാക്കി മടക്കാൻ കഴിയില്ല. അതുകൊണ്ട് ഗർഭനിരോധന ഉറകൾ മറ്റ് ബദൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു' - കോണ്ടം ഹെയര്‍ബാൻഡായി ഉപയോഗിക്കുന്ന ഹെയർഡ്രസ്സർ സാന്ദ്ര ഹെർണാണ്ടസ് പറയുന്നു.ബലൂണുകൾക്ക് പകരം ജന്മദിനമാഘോഷിക്കാനും മറ്റും ഗർഭനിരോധന ഉറകളാണ് കുട്ടികൾ ഉപയോഗിക്കുന്നത്. പാറിനടക്കുന്ന കോണ്ടം ബലൂണുകൾ ഇവിടത്തെ പ്രധാന കാഴ്ചയാണ്. തീരദേശത്താണെങ്കിൽ ഉറകൾ ഒരുമിച്ച് കെട്ടി മീൻപിടിക്കാൻ ഉപയോഗിക്കുന്നു. സമുദ്രത്തിലെ വില പിടിച്ച ചില മത്സ്യങ്ങളെ പിടിയ്ക്കാന്‍ ബലൂണ്‍ ഫിഷിംഗ് എന്ന നൂതന മാർഗം ഇവര്‍ കോണ്ടം ഉപയോഗിച്ച് വികസിപ്പിച്ചെടുത്തു. ബോട്ട് സ്വന്തമാക്കുന്ന കാര്യത്തില്‍ കര്‍ശനമായ നിയമങ്ങളാണ് ക്യൂബയില്‍ ഉള്ളത്. ‌ബരാക്കുട,റെഡ് സ്നാപ്പാര്‍ തുടങ്ങിയ വിലപിടിച്ച മീനുകളെ പിടിയ്ക്കാന്‍ അതുകൊണ്ട് കോണ്ടം ഉപയോഗിയ്ക്കുകയാണ് ഇവര്‍. കരയില്‍ നിന്നുകൊണ്ട് തന്നെ ഇത് നിയന്ത്രിയ്ക്കാവുന്നതാണ് എന്നത് കൊണ്ട് വളരെ ഫലപ്രദമാണ് ഈ മാർഗമെന്നാണ് ഇവര്‍ പറയുന്നത്. ഊതി വീര്‍പ്പിച്ച കോണ്ടത്തില്‍ ഇരയെ കൊളുത്തി കടലിലേയ്ക്ക് വിടുന്നു. ചൂണ്ടയുടെ നിയന്ത്രണം കരയില്‍ നില്‍ക്കുന്നവരുടെ കൈയില്‍ ഉണ്ടാവും. വളരെ സിംപിള്‍ എന്ന് തോന്നാമെങ്കിലും നൂറു കണക്കിന് കുടുംബങ്ങളാണ് ഇവിടെ ഈ ബലൂണ്‍ ഫിഷിംഗ് കൊണ്ട് ഉപജീവനം നടത്തുന്നത്. ചാകര സമയങ്ങളില്‍ ക്യൂബയില്‍ കോണ്ടത്തിന്റെ വിൽപന ഉയരും.വൈൻ ബോട്ടിലുകൾ പഴകുന്നതിനായി മൂടിവയ്ക്കുന്നതും കോണ്ടം ഉപയോഗിച്ചാണ്. കുപ്പി മൂടിയിരിക്കുന്ന കോണ്ടം ഊതിവീർക്കുന്നതോടെ വീഞ്ഞ് പാകമായെന്ന് ചുരുക്കം. ആൾക്കഹോൾ ശതമാനം കൂടുന്നതിനും വൈൻ നല്ലരീതിയിൽ പാകമാകാനും ഇത് സഹായിക്കുമെന്ന് വൈൻ ഉൽപാദകർ പറയുന്നു. 
>

Trending Now