മ്യാൻമാറിൽ ഡാം തകർന്നു; 85 ഗ്രാമങ്ങൾ വെള്ളത്തിൽ മുങ്ങി

webtech_news18
യാങ്കോൺ: മ്യാൻമാറിൽ ഡാം തകർന്ന് ഗ്രാമങ്ങളെ പ്രളയം വിഴുങ്ങി. ഇതോടെ 63,000ത്തോളം ആളുകൾ വീടുകള്‍ ഉപേക്ഷിച്ച് ഉയർന്ന പ്രദേശങ്ങളിൽ അഭയം തേടി. 85 ഗ്രാമങ്ങളാണ് വെള്ളത്തിനടിയിലായി. ബാഗോ പ്രവിശ്യയിലെ യെദാഷെ നഗരത്തിലുള്ള സ്വാർ ചൗങ് ഡാമിന്റെ ഭാഗമാണ് ബുധനാഴ്ച തകർന്നത്. തുടർന്നുണ്ടായ കനത്ത ജലപ്രവാഹത്തെത്തുടർന്ന് പ്രധാന റോഡുകളും സ്വാർ, യെദാഷെ നഗരങ്ങളും വെള്ളത്തിനടിയിലായി. അഗ്നിശമനസേനയും സൈന്യവുമടക്കം മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.രണ്ട് പേരെ കാണാതായിട്ടുണ്ട്. വെള്ളത്തിന്റെ ഒഴുക്കിൽ പാലംതകർന്നതോടെ തലസ്ഥാനമായ നയ്‌പെയ്തോയിൽ നിന്ന് മറ്റു നഗരങ്ങളിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. തിങ്കളാഴ്ച ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതോടെ പ്രദേശവാസികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും പേടിക്കാനൊന്നുമില്ലെന്നും ഡാം സുരക്ഷിതമാണെന്നുമായിരുന്നു അധികൃതരുടെ മറുപടി. ഡാമിന്റെ തകർന്ന ഭാഗങ്ങൾ പുനർനിർമിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
>

Trending Now