എതിരാളികളായ ഖത്തറിനെ ഒറ്റപ്പെടുത്താൻ പദ്ധതിയുമായി സൗദി അറേബ്യ

webtech_news18 , News18
റിയാദ്: ഗൾഫ് രാജ്യങ്ങൾ തമ്മിൽ നയതന്ത്ര വിദ്വേഷം നിലനിൽക്കുന്നതിനിടെ ഖത്തർപ്രവിശ്യയെ ഒറ്റപ്പെടുത്താനുള്ള തന്ത്രവുമായി സൗദി അറേബ്യ. അയൽ രാജ്യമായ ഖത്തറിനെ ദ്വീപ് ആക്കുന്ന തരത്തിൽ കനാൽ നിർമിക്കാൻ സൗദി പദ്ധതിയിടുന്നതായാണ് സൂചനകൾ. സൗദി ഉദ്യോഗസ്ഥനാണ് ഇതു സംബന്ധിച്ച സൂചനകൾ നൽകിയിരിക്കുന്നത്.സാൽവ ഐലൻഡ് പദ്ധതിക്കായി കാത്തിരിക്കുകയാണെന്ന് മുഹമ്മദ് ബിൻ സൽമാൻ രാജാവിന്റെ മുതിർന്ന ഉപദേഷ്ടാവ് സൗദ് അൽ ഖത്താനി പറഞ്ഞു. മേഖലയുടെ ഭൂമി ശാസ്ത്രത്തെ തന്നെ മാറ്റുന്ന മഹത്തായ ചരിത്ര പദ്ധതിയായിരിക്കും ഇതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


പദ്ധതി പ്രകാരം ഖത്തർ പ്രവിശ്യ സൗദിയിൽ നിന്ന് വിഭജിക്കപ്പെടും. ഇരു രാജ്യങ്ങളും തമ്മിലുള്ള 14 മാസം നീണ്ട നയതന്ത്ര പ്രശ്നം പരിഹരിക്കുന്നതിലെ പുതിയ സമ്മർദ്ദമാവുകയാണിത്.കഴിഞ്ഞ വർഷം ജൂണിലാണ് ഖത്തറുമായുള്ള നയതന്ത്ര, വ്യാപാര ബന്ധങ്ങൾ സൗദി അറേബ്യ, യുഎഇ, ബഹ്റിൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ഉപേക്ഷിച്ചത്. ഇറാനുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നു, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നിവയാണ് ഖത്തറിനെതിരായ ആരോപണങ്ങൾ. എന്നാൽ ഇത് ഖത്തർ നിഷേധിച്ചിട്ടുണ്ട്.60 കിലോമീറ്റർ നീളവും 200 മീറ്റർ വീതിയുമുള്ള കനാൽ നിർമിക്കാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് സർക്കാർ അനുകൂല വെബ്സൈറ്റ് ആയ സബഖ് ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആണവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനാണ് ഇത് നിർമിക്കുന്നത്. 2.8 ബില്യൺ സൗദി റിയാലാണ് ഇതിന്റെ ചെലവ്. കനാൽ നിർമാണത്തിനായി അഞ്ച് കമ്പനികളെ ക്ഷണിച്ചിട്ടുണ്ട്. ഏത് കമ്പനിക്കാണ് കരാർ നൽകുന്നതെന്ന് ഈ മാസം അറിയാം.
>

Trending Now