അത്രമേൽ കരുതലോടെ യുഎഇ, കേരളത്തിന് 700 കോടി, നന്ദി പറഞ്ഞ് മുഖ്യമന്ത്രി

webtech_news18 , News18 India
തിരുവനന്തപുരം: പ്രളയദുരന്തത്തിൽ അകപ്പെട്ട കേരളത്തിന് യുഎഇ 700 കോടി രൂപ നൽകും. ചൊവ്വാഴ്ച രാവിലെ മന്ത്രിസഭായോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതാണ് ഇക്കാര്യം.
പ്രളയദുരന്തത്തിൽ അകപ്പെട്ട കേരളത്തെ സഹായിക്കാൻ സന്നദ്ധമാണെന്ന് യു എ ഇ ഭരണാധികാരി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇക്കാര്യം, അദ്ദേഹം പ്രധാനമന്ത്രിയുടെ അടുത്ത് സംസാരിച്ചിട്ടുണ്ട്. 700 കോടി രൂപയുടെ സഹായം യു എ ഇ നൽകാൻ തയ്യാറായിട്ടുണ്ട്. യു എ ഇ പ്രസിഡന്‍റ് ഷേഖ് ഖലീഫ ബിൻ സെയ്ദ് അൽ നഹ്യാനെയും മറ്റ് ഭരണാധികാരികളെയും നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

യു എ ഇയിലെ മിക്കവാറും എല്ലാ ഇംഗ്ലീഷ്, അറബിക് പത്രങ്ങളിലും കേരളത്തിലെ വെള്ളപ്പൊക്കവും യു എ ഇ മുൻകൈയെടുത്ത് നടത്തുന്ന ധനസമാഹരണവും മുഖ്യവാർത്തയാണ്.# UAE-Supports-Kerala എന്ന ഹാഷ് ടാഗുമായി യു എ ഇ സർക്കാരിന്‍റെ വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. ദുബായ് മീഡിയ ഓഫീസിന്‍റെ ട്വിറ്റർ പേജും കേരളത്തിനു വേണ്ടി സജീവമായി ഉണ്ട്. കേരളത്തിന് സഹായമെത്തിക്കാൻ ആവശ്യപ്പെട്ടിട്ടുള്ള വീഡിയോ ഇവരുടെ ദുബായ് മീഡിയ ഓഫീസിന്‍റെ ട്വിറ്റർ പേജിലും ആയിരങ്ങളാണ് കണ്ടത്.റെഡ് ക്രെസന്‍റ് മുഖേന കേരളത്തിനായി രൂപവത്കരിച്ച സഹായനിധി സംബന്ധിച്ച മുഴുപേജ് പരസ്യവും കഴിഞ്ഞദിവസം യു എ ഇ സർക്കാർ പ്രമുഖ പത്രങ്ങളിൽ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു.അബുദാബിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന പ്രമുഖ അറബ് ദിനപത്രമായ അൽ ഇത്തിഹാദ് തിങ്കളാഴ്ച കേരളത്തിലെ പ്രളയവാർത്തകൾക്കായി ഏഴു മുഴുപേജുകളായിരുന്നു മാറ്റിവെച്ചത്. ഏതായാലും ദുരിതകാലത്ത് യു എ ഇ കേരളത്തിന് നൽകുന്ന കരുതലും ശ്രദ്ധയും മലയാളിയുടെ അടുത്ത സുഹൃത്താണ് യു എ ഇ എന്ന രീതിയിലാണ്. യു എ ഇയിലെ പ്രവാസികളായ മലയാളികൾക്കും ഈ നിമിഷത്തിൽ അഭിമാനിക്കാം.
>

Trending Now