കേരളത്തിന് കൈത്താങ്ങാകാന്‍ യുഎഇ : അടിയന്തര സഹായത്തിന് പ്രത്യേക സമിതി

webtech_news18 , News18 India
സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയദുരന്തത്തിന് സാക്ഷ്യം വഹിക്കുന്ന കേരളത്തിന് കൈത്താങ്ങാകാന്‍ യുഎഇ. പ്രളയദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് വേണ്ട സഹായം എത്തിക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിക്കണമെന്ന നിര്‍ദ്ദേശവുമായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സയ്യിദ് അല്‍ നഹ്യാനാണ് രംഗത്തെത്തിയിരിക്കുന്നത്. എമിറേറ്റ്‌സിലെ റെഡ്ക്രസന്റിന്റെ നേതൃത്വത്തില്‍ യുഎഇയിലെ മനുഷ്യാവകാശ സംഘടനകളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയാകും സമിതി രൂപീകരിക്കുക.യുഎഇയിലെ ജനങ്ങളില്‍ നിന്നും അവിടുള്ള ഇന്ത്യാക്കാരില്‍ നിന്നും സംഭാവനകള്‍ സ്വീകരിച്ച് കേരളത്തിന് സഹായമെത്തിക്കുക എന്നതാണ് സമിതിയുടെ ലക്ഷ്യം. നേരത്തെ യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമും കേരളത്തിനായി സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.


യുഎഇയുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നെന്നും പ്രളയ ബാധിതരെ പിന്തുണക്കാനും സഹായിക്കാനും യുഎഇക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ടെന്നും ഫേസ്ബുക്കില്‍ കുറിച്ച അദ്ദേഹം, അടിയന്തര സഹായം നല്‍കാന്‍ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്നും ഈ സംരംഭത്തിലേക്ക് ഉദാരമായി സംഭാവനചെയ്യാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നതായും പറയുന്നു. ദുരിത ബാധിതരെ സഹായിക്കാന്‍ യുഎഇയും ഇന്ത്യന്‍ സമൂഹവും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും ദുബായ് ഭരണാധികാരി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.ഫേസ്ബുക്കിലും ട്വറ്ററിലുമായി അറബിയിലും ഇംഗ്ലീഷിലും മലയാളത്തിലുമായി നടത്തിയ സഹായാഭ്യര്‍ഥനയ്ക്ക് നന്ദി പറഞ്ഞ് ആയിരക്കണക്കിന് പേരാണ് പ്രതികരിച്ചിരിക്കുന്നത്. 


>

Trending Now