മുൻ ഭാര്യയ്ക്ക് 'ഭാരിച്ച' ജീവനാംശം നൽകി; പക്ഷെ മുഴുവൻ നാണയത്തുട്ടുകൾ

webtech_news18
സോളോ (ഇന്തോനേഷ്യ): കോടതി ഉത്തരവ് അനുസരിച്ച് മുൻഭാര്യയ്ക്ക് 'ഭാരിച്ച ജീവനാശം' തന്നെ നൽകിയിരിക്കുകയാണ് ഇന്തോനേഷ്യക്കാരനായ ഭർത്താവ്. പക്ഷെ മുഴുവൻ നാണയത്തുട്ടുകൾ ആണെന്ന് മാത്രം.ഇന്തോനേഷ്യയിലെ ഒരു സർക്കാർ ജീവനക്കാരനായ ദ്വി സുസിലാർതോ തന്റെ മുൻഭാര്യക്ക് 7,33,586 ലക്ഷം രൂപ ജീവനാംശമായി നൽകിയത് മുഴുവൻ നാണയത്തുട്ടുകളായാണ്. ഒരു ഡസനോളം ചാക്കുക്കെട്ടുകളുമായാണ് ദ്വി സുസിലാർതോ കോടതിയിലെത്തിയത്. 153 ദശലക്ഷം റൂപിയ (ഇന്ത്യൻ രൂപ 7,33,586) ചാക്കുകളാക്കി അവ കൈവണ്ടിയിൽ വച്ചാണ് കോടതിയ്ക്ക് ഉള്ളിലെത്തിച്ചത്. 890 കിലോയാണ് ഈ ചാക്കുകെട്ടുകളുടെ ഭാരം.


പണം എത്തിച്ചതോടെ കോടതിയിൽ സുസിലാർതോയും മുൻഭാര്യയുടെ അഭിഭാഷകനും തമ്മിൽ വാക്കുതർക്കമായി. രണ്ട് സുഹൃത്തുകളുടെ സഹായത്തോടെയാണ് സുസിലാർതോ കൈവണ്ടി തള്ളി കോടതിയിലെത്തിച്ചത്. എന്നാൽ ഇത്രയധികം നാണയങ്ങൾ എണ്ണാനാകില്ലെന്ന് അഭിഭാഷകൻ വാദിച്ചു. എന്നാൽ സുസിലാർതോ മുൻഭാര്യ ഹെർമി സെത്യോവാതിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്.മധ്യജാവയിലെ കരൺഗന്യർ നഗരത്തിലെ കോടതിയാണ് ഒൻപതുവർഷത്തെ കുടിശിക അടക്കം മുൻ ഭാര്യയ്ക്ക് ജീവനാംശം നൽകാൻ വിധിച്ചത്. എന്നാൽ തൻറെ കക്ഷി തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മുൻ ഭാര്യയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും സുസിലാർതോയുടെ അഭിഭാഷകൻ പറഞ്ഞു. കുറഞ്ഞ ശമ്പളം കാരണം സുഹൃത്തുകളിൽ നിന്നും ബന്ധുക്കളിൽ നിന്ന് പണം സമാഹരിച്ചാണ് കോടതിയിലെത്തിച്ചത്. പണം നൽകിയവർ നാണയങ്ങളായാണ് അവ നൽകിയതെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.അതേസമയം, ജവനാംശം സ്വീകരിച്ച സെത്യോവാതി പക്ഷെ, മുൻഭർത്താവിന്റെ ന്യായീകരണം തള്ളിക്കളഞ്ഞു. തന്നെ മനപൂർവം അപമാനിക്കാനാണ് നാണയത്തുട്ടുകളായി പണമെത്തിച്ചതെന്നായിരുന്നു അവരുടെ വാദം. സത്യം എന്തായാലും കോടതി ജീവനക്കാരോട് തുട്ടുകൾ എണ്ണി തിട്ടപ്പെടുത്താൻ കോടതി ഉത്തരവിട്ടിരിക്കുകയാണ്.
>

Trending Now