നവകേരളത്തിനായി കൈകോർത്ത അമേരിക്കയിലെ മലയാളി യുവത്വം

webtech_news18
യുവത്വം മനസു വച്ചാൽ അസാധ്യമായൊന്നും ഇല്ലെന്ന് തെളിയിക്കുകയാണ് അമേരിക്കൽ മലയാളികളായ ഒരു കൂട്ടം ചെറുപ്പക്കാർ. പ്രളയത്തിൽ മുങ്ങിയ കേരളത്തിനായി ഇവർ ഫെയ്​സ്ബുക്ക് വഴി പിരിച്ചെടുത്തത് 11 കോ​ടി രൂപയാണ്. പത്തു കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി.കേരളം പ്രളയത്തിൽ മുങ്ങുന്ന വാർത്തകൾ എത്തിയ ഓഗസ്റ്റ് 15നാണ് നാടിന് കൈതാങ്ങാവാൻ അരുൺ നെല്ലാമറ്റവും അജോമോൻ പൂത്തുറയിലും തീരുമാനിച്ചത്. ഫേസ്ബുക്ക് വഴി ഫണ്ട് റെയ്സിംഗ് കാമ്പയിൻ തുടങ്ങി. കേരള ഫ്ലഡ് റിലീഫ് ഫണ്ട് ഫ്രം യുഎസ്എ എന്ന പേരിലാണ് ഫേസ്ബുക്ക് പേജ് രൂപീകരിച്ചത്. 70 ലക്ഷം രൂപയാണ് ശേഖരിക്കാൻ ഉദ്ദേശിച്ചിരുന്നത്. അത് 1.6 മില്യൺ ഡോളർ കിട്ടി. ഇപ്പോൾ 11 കോടി കഴിഞ്ഞു. ഇരുപതിനും മുപ്പതിനും ഇടയിലുള്ള ചെറുപ്പക്കാരാണ് ഈ കാമ്പയിൻ വിജയിപ്പിച്ചത്. ഇപ്പോഴും ഫണ്ട് ശേഖരണം തുടരുന്ന ഈ ഫേസ്ബുക്ക് പേജ് വഴി 32000 പേർ കേരളത്തെ സഹായിച്ചു.


പല സംഘടനകളും സഹായിച്ചെങ്കിലും ഒരു സംഘടനയുടെയും ബാനറിൽ ആയിരുന്നില്ല പണ പിരിവ്. ഉദ്ദേശ ശുദ്ധി ബോധ്യമായ ഫേസ്ബുക്ക് പ്രോസസിംഗ് ഫീസ് ഒഴിവാക്കി നൽകി. ഷിക്കാഗോയിലെ കെയേഴ്സ് ആന്റ് ഷെയേഴ്സ് എന്ന സന്നദ്ധ സംഘടന മുന്നോട്ടു വന്നതോടെ നികുതി ബാധ്യത ഇല്ലാതെ പണം കൈമാറാൻ കഴിഞ്ഞു. വലിയ ഉത്തരവാദിത്വങ്ങൾ സ്വയം ഏറ്റെടുക്കുന്ന ഇത്തരം ചെറുപ്പക്കാരുടെ കരളുറപ്പിലാണ് നവ കേരളത്തിന്റെ പ്രതീക്ഷ.
>

Trending Now