ആരാണ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ?

webtech_news18 , News18 India
തിരുവനന്തപുരം: പ്രളയാനന്തരം കേരളത്തിൽ വാർത്തകളിൽ നിരന്തരം കേട്ട ഒന്നായിരുന്നു യു എ ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്ന പേര്. ദുബായിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികൾക്കും അവരുമായി ബന്ധപ്പെട്ടവർക്കും ഈ പേര് സുപരിചിതമാണ്. ദുരിതബാധിതമായ കേരളത്തിന് സഹായഹസ്തം നീട്ടണമെന്ന് ആവശ്യപ്പെട്ട് അറബിയിലും ഇംഗ്ലീഷിലും പിന്നെ മലയാളത്തിലും ട്വീറ്റിയതോടെയാണ് അദ്ദേഹം മറ്റു മലയാളികളുടെ ഹൃദയത്തിലും ഇടംപിടിച്ചത്. ദുരിതബാധിതമായ കേരളത്തിന് യു എ ഇ പ്രഖ്യാപിച്ച സഹായം സംബന്ധിച്ചും തർക്കമുണ്ടായി. അത്, വിദേശസഹായം സ്വീകരിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകളിലേക്ക് വഴിമാറി. ഏതായാലും, ഷെയ്ഖ് മുഹമ്മദ് രണ്ടുതരം ഭരണാധികാരികളെക്കുറിച്ച് ട്വിറ്ററിൽ കുറിച്ചതും ശ്രദ്ധേയമായിരിക്കുകയാണ്.ആരാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ?

1949 ജൂലൈ 15ന് ജനിച്ചു. യു എ ഇയുടെ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായിയുടെ ഭരണാധികാരിയും. 2010ൽ പ്രഖ്യാപിച്ച 'യുഎഇ വിഷൻ 2021' ശ്രദ്ധേയമായ പദ്ധതിയാണ്. 2021 ഓടെ, ലോകത്തെ മികച്ച രാജ്യങ്ങളിൽ ഒന്നായി യുഎഇയെ മാറ്റുകയെന്നതാണ് ഇതിന്‍റെ ലക്ഷ്യം.തുല്യവേതനത്തിനു വേണ്ടി പുതിയ നിയമം പാസാക്കിയും ജനങ്ങളിൽ നിന്ന് ഈദ് ആശംസകൾ നേരിട്ട് സ്വീകരിച്ചും ഒക്കെയാണ് അദ്ദേഹം വ്യത്യസ്തനാകുന്നത്. കഴിഞ്ഞ റംസാൻ മാസത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 700 തടവുകാരെയാണ് അദ്ദേഹത്തിന്‍റെ ഉത്തരവുപ്രകാരം മോചിപ്പിച്ചത്.ഒരു കവിയും യോദ്ധാവുമായ അദ്ദേഹം കുതിരസവാരിയും ഡ്രൈവിംഗും വളരെയധികം ഇഷ്ടപ്പെടുന്നയാളാണ്. അദ്ദേഹത്തിന്‍റെ വെബ്സൈറ്റിൽ തന്നെ ഇക്കാര്യങ്ങൾ പറയുന്നുണ്ട്. വില്യം രാജകുമാരനും ഹാരി രാജകുമാരനും വിദ്യാഭ്യാസം നേടിയ ബ്രിട്ടീഷ് മിലിട്ടറി സ്കൂളിൽ അദ്ദേഹവും കുറച്ചുകാലം പഠിച്ചിട്ടുണ്ട്.'ജീവിതയാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത ഒരു വരി പോലും എഴുതാറില്ലെന്നാ'ണ് താൻ കുറിക്കുന്ന കവിതകളെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുള്ളത്. സോഷ്യൽ മീഡിയയിലും സജീവം. പ്രധാനപ്പെട്ട കാര്യങ്ങളിലെല്ലാം ഷെയ്ഖ് മുഹമ്മദ് ലോകവുമായി സംവദിക്കുന്നത് ട്വിറ്ററിലൂടെയാണ്. 9.34മില്യൺ ഫോളോവേഴ്സാണ് ഇപ്പോൾ അദ്ദേഹത്തിന് ട്വിറ്ററിലുള്ളത്.ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയുടെ രൂപകൽപനയിലും അദ്ദേഹവും പങ്കാളിയായിരുന്നു. ബുർജ് ഖലീഫ ലോകത്തിലെ ഏറ്റവും നീളമുള്ളതും മനോഹരവുമായ കെട്ടിടമാകട്ടെയെന്ന് ഷെയ്ഖ് മുഹമ്മദ് തീരുമാനിക്കുന്നതോടെയാണ് 160 നിലകളിലേക്ക് അത് ഉയർന്നത്.സ്ത്രീയെ ശാക്തീകരിക്കുന്നതിലൂടെ സമൂഹത്തെയാണ് ശാക്തീകരിക്കുന്നത് എന്നതാണ് അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട്. ഈ വർഷം ഏപ്രിലിലാണ് സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യവേതനം നടപ്പാക്കണമെന്ന നിയമം അദ്ദേഹം പാസാക്കിയത്. യു എ ഇയുടെ വികസനത്തിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യ അവസരം ഉറപ്പാക്കണമെന്ന് ആയിരുന്നു ആവശ്യം.

Trending Now