കൊച്ചി: ഒരേദിവസം രണ്ട് സിനിമകൾക്ക് തുടക്കമിട്ട് സൂപ്പർതാരം മോഹൻലാൽ. സിദ്ദിഖ് ചിത്രം 'ബിഗ് ബ്രദർ', ആശിർവാദ് ചിത്രം 'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന' എന്നീ ചിത്രങ്ങളുടെ പൂജയാണ് ഇന്ന് കൊച്ചിയിൽ നടന്നത്.
ഒടിയൻ, ലൂസിഫർ, മരക്കാർ- അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങൾക്കു ശേഷം മോഹൻലാലിനെ നായകനാക്കി ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന സിനിമയാണ് 'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന'.
നവാഗതനായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ 27ാമത്തെ പ്രൊജക്റ്റ് ആണ്. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, വെള്ളിമൂങ്ങ, ചാർലി തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ്സായി പ്രവർത്തിച്ച ജിബിയും ജോജുവും ആദ്യമായി സ്വതന്ത്രസംവിധായകരാവുന്ന ചിത്രമാണ് ഇട്ടിമാണി.
കൊച്ചിയും തൃശൂരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. നടി ഹണി റോസാണ് ഇട്ടിമാണിയിലെ മോഹൻലാലിന്റെ നായിക. ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി എന്നിവരും ചിത്രത്തിൽ ഉണ്ട്. ശക്തമായൊരു കഥാപാത്രമായി രാധിക ശരത്കുമാറും എത്തുന്നുണ്ടെന്നാണ് വിവരം. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.
'ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍' എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ധിഖും ഒന്നിക്കുന്ന ചിത്രമായ ‘ബിഗ് ബ്രദറാ’ണ് ഇന്ന് തുടക്കം കുറിച്ച മറ്റൊരു ചിത്രം. ചിത്രത്തിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെ ആണ് മോഹൻലാൽ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്.
ബംഗളൂരു, മംഗലാപുരം എന്നിവടങ്ങളിലായി 90 ദിവസത്തെ ഷൂട്ടിംഗ് ആണ് ചിത്രത്തിന് ഉള്ളത്. വൈശാഖ സിനിമ, എസ് ടാക്കീസ്, നിക്ക് എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.