അരവിന്ദന്റെ അതിഥികൾ (2018): കുട്ടിയായിരുന്ന അരവിന്ദനെ ഉപേക്ഷിച്ചു പോയ അമ്മ ഒരിക്കലും മടങ്ങി വന്നില്ല. അവരെ കാണണമെന്ന് പിന്നീട് അരവിന്ദൻ വാശി പിടിച്ചതുമില്ല. ആദ്യ വിവാഹത്തിൽ ചതിക്കപ്പെട്ടു എന്നറിഞ്ഞതോടെ മകനെ വളർത്താൻ നിവർത്തിയില്ലാതെ അനാഥാലയത്തിൽ ഏൽപ്പിച്ചു പോകുന്ന അമ്മ പിന്നെ മകനെ കാണുന്നില്ല. അവിടെ നിന്നും തിരികെ പോകാൻ വഴിയറിയാതെ ഇറങ്ങിയ അരവിന്ദൻ നാട്ടിലെ സന്മനസ്സുള്ള ലോഡ്ജ് ഉടമക്കൊപ്പം ചേരുന്നു. വർഷങ്ങൾക്ക് ശേഷം അരവിന്ദൻ കണ്ടുമുട്ടിയ പെൺകുട്ടി ഇയാളെ അമ്മയുമായി ചേർത്തു വയ്ക്കുന്നു. മകനായി വിനീത് ശ്രീനിവാസനും, അമ്മയായി ശാന്തി കൃഷ്ണയും. സംവിധാനം: എം.മോഹനൻ, രചന: രാജേഷ് രാഘവൻ
ഒരു ഇന്ത്യൻ പ്രണയ കഥ (2013): കാനഡയിൽ നിന്നും വരുന്ന ഐറിൻ. വർഷങ്ങൾക്ക് മുൻപ് കനേഡിയൻ ദമ്പതികൾ ഐറിനെ കേരളത്തിൽ നിന്നും ദത്തെടുക്കുന്നു. പക്ഷെ യഥാർത്ഥ അച്ഛനമ്മമാരെ തേടി ഐറിൻ നാട്ടിൽ എത്തുകയാണ്. ഇവിടെ വച്ച് പരിചയപ്പെടുന്ന അയ്മനം സിദ്ധാർത്ഥൻ (ഫഹദ് ഫാസിൽ) ഐറിന്റെ ശ്രമങ്ങൾക്ക് പിന്തുണയുമായി കൂടെയെത്തുന്നു. ഡോക്ടർ ആയ അമ്മയെയും ഉത്തരേന്ത്യയിൽ സുഗന്ധ ലേപനങ്ങളുടെ വില്പനക്കാരനായ അച്ഛനെയും ഐറിൻ കണ്ടു മുട്ടുന്നു; അവൾ തങ്ങളുടെ മകൾ ആണെന്ന് അറിയാതെ. ആറിന് ആയി വേഷമിട്ടത് അമല പോൾ. അമ്മയായി ലക്ഷ്മി ഗോപാലസ്വാമിയും, അച്ഛനായി പ്രകാശ് ബാരെയും. സംവിധാനം: സത്യൻ അന്തിക്കാട്; രചന: ഇക്ബാൽ കുറ്റിപ്പുറം
സ്‌നേഹവീട് (2011): അമ്മ മരിച്ച ശേഷം ഒരിക്കലും കണ്ടിട്ടില്ലാത്ത അച്ഛനെ തേടിയിറങ്ങുന്ന കാർത്തിക്. യഥാർത്ഥ അച്ഛനെ കാണുന്നില്ലെങ്കിലും അച്ഛനെ പോലെ സ്നേഹിക്കുന്ന ഒരാളിൽ ചെന്നെത്തുന്നു കാർത്തിക്. മോഹൻലാൽ നായകനായ ചിത്രത്തിൽ കാർത്തിക് ആയി എത്തുന്നത് രാഹുൽ പിള്ള. രചന/സംവിധാനം സത്യൻ അന്തിക്കാട്
നമ്മൾ (2002): അച്ഛനമ്മമാരില്ലാതെ ചേരിയിൽ വളരുന്ന ശ്യാം, ശിവൻ എന്നിവർ. ഇതിൽ ഒരാളുടെ അമ്മ അവർ തന്നെ പഠിക്കുന്ന കോളേജിലെ പ്രിൻസിപ്പൽ. ആ കണ്ടെത്തലിൽ ചിത്രം അവസാനിക്കുന്നു. ശ്യാം, ശിവൻ എന്നിവരാണ് ജിഷ്ണു, സിദ്ധാർഥ്. അമ്മയായി എത്തുന്നത് സുഹാസിനി. സംവിധാനം: കമൽ, രചന: കലവൂർ രവികുമാർ
ഒരു യാത്രാമൊഴി (1997): തന്നെയും അമ്മയെയും ഉപേക്ഷിച്ചു പോയ അച്ഛനെ കണ്ടാൽ കൊല്ലണം എന്ന തീരുമാനവുമായി നടക്കുന്ന ഗോവിന്ദൻ കുട്ടി. ഇയാളുടെ ഗ്രാമത്തിൽ എത്തുന്ന സമ്പന്നനായ കച്ചവടക്കാരൻ ഗോവിന്ദൻകുട്ടിയുമായി അടുക്കുന്നു. പണ്ട് അകന്നു പോയ തന്റെ ഭർത്താവാണിതെന്ന് അമ്മ തിരിച്ചറിയുന്നതോടു കൂടി തന്റെ തീരുമാനം നടപ്പിലാക്കുന്നതിനെ പറ്റി ഓർത്ത് ഗോവിന്ദൻകുട്ടി വ്യാകുലനാവുന്നു. മകനായി മോഹൻലാലും, അച്ഛനായി ശിവാജി ഗണേശനും. സംവിധാനം: പ്രതാപ് പോത്തൻ; കഥ: പ്രിയദർശൻ
കഥാനായകൻ (1997): അച്ഛൻ ആരെന്ന് അറിയാതെ കയ്‌പ്പേറിയ ബാല്യ-കൗമാര-യൗവനങ്ങൾ ജീവിച്ചു തീർത്ത രാമനാഥൻ. പ്രമാണിയായ പയ്യാരത്ത് പത്മനാഭൻ നായരാണ് അച്ഛൻ എന്ന് മനസ്സിലാക്കിയ രാമനാഥൻ അച്ഛനെ തേടി തറവാട്ടിലെത്തുന്നു. ഒടുവിൽ കുടുംബക്കാരെല്ലാം ഉപേക്ഷിച്ചു പോയ പത്മനാഭൻ നായർക്ക് മകൻ മാത്രം ആശ്രയമാവുന്നു. മകനായി ജയറാമും, അച്ഛനായി കലാമണ്ഡലം കേശവനും. സംവിധാനം: രാജസേനൻ, രചന: മണി ഷൊർണൂർ, രാജൻ കിഴക്കനേല
ദേവാസുരം (1993): കേൾവികേട്ട തറവാട്ടിലെ മുടിയനായ പുത്രൻ മംഗലശ്ശേരി നീലകണ്ഠൻ. അച്ഛന്റെ പേരിൽ കാട്ടികൂട്ടുന്ന അക്രമങ്ങൾക്കും കൊള്ളരുതായ്മകൾക്കും അറുതി വരുന്നത് ഇയാൾ മറ്റൊരു വ്യക്തിയുടെ മകൻ ആണെന്ന അമ്മയുടെ വെളിപ്പെടുത്തലോടു കൂടിയാണ്. നീലകണ്ഠന് താൻ ഒന്നുമല്ലെന്ന തോന്നൽ ഉണ്ടാവുന്നു. മംഗലശ്ശേരി നീലകണ്ഠനായി മോഹൻലാൽ വേഷമിടുന്നു. സംവിധാനം: ഐ.വി. ശശി, രചന: രഞ്ജിത്
എന്റെ സൂര്യപുത്രിക്ക് (1991): അമ്മാവൻ എന്ന് വിളിക്കുന്ന ആളിന്റെ സംരക്ഷണയിൽ കഴിയുന്ന മായ. ഒരു പ്രത്യേക സാഹചര്യത്തിൽ തന്റെ പിതൃത്വത്തിനേൽക്കുന്ന വെല്ലുവിളിയിൽ മായ സ്വന്തം അമ്മയെ തേടുന്നു. അതുവരെ തന്നെ വളർത്തിയ വ്യക്തി പ്രശസ്ത ഗായികയായ അമ്മ വസുന്ധര ദേവിയുടെ നിർദ്ദേശങ്ങൾ പാലിക്കപ്പെടുകയായിരുന്നു എന്ന് മായ മനസിലാക്കുന്നു. ഒടുവിൽ മകൾ എന്ന അംഗീകാരം ലഭിക്കുമ്പോഴേക്കും അമ്മയുടെ സ്നേഹം വൈകിപ്പോയിരുന്നു. മകളായി അമല അക്കിനേനി, അമ്മയായി ശ്രീവിദ്യ. രചന/സംവിധാനം: ഫാസിൽ
കിലുക്കം (1991): അനാഥാലയത്തിൽ വളർന്ന നന്ദിനി. മുടങ്ങാതെ കിട്ടിക്കൊണ്ടിരുന്ന സമ്മാനങ്ങളാണ് നന്ദിനിക്ക് അച്ഛനുമായുള്ള ബന്ധം. ഊട്ടി കാണാൻ എന്നും പറഞ്ഞെത്തുന്നത് അച്ഛൻ ആരെന്ന് അറിഞ്ഞ ശേഷം. ശേഷം അച്ഛന്റെ വീട്ടിൽ ഒരു ജോലിക്കാരിയുടെ വേഷത്തിൽ കയറിക്കൂടുന്നു. ജന്മം നൽകിയ അച്ഛനിലേക്കുള്ള ദൂരം താണ്ടാൻ പക്ഷെ നന്ദിനിക്ക് കഴിയുന്നില്ല. നന്ദിനിയായി രേവതി. സംവിധാനം: പ്രിയദർശൻ, രചന: വേണു നാഗവള്ളി