ഓണ്‍ലൈനിലൂടെ സാധനങ്ങൾ വാങ്ങി കബളിപ്പിക്കപ്പെച്ചവർ ഒരുപാടുപേരുണ്ടാവും എന്നാല്‍ വാങ്ങുന്ന മുതലിലും കൂടുതൽ മൂല്യമുള്ള സാധനം കിട്ടുന്നത് അപൂർവമാകും. അത്തരം ഒരു അനുഭവമാണ് മലപ്പുറം കോട്ടക്കല്‍ എടരിക്കോട് സ്വദേശി നബീല്‍ നാഷിദിന് പറയാനുള്ളത്.
1,400രൂപയുടെ പവര്‍ ബാങ്കാണ് നബീല്‍ ഓര്‍ഡര്‍ ചെയ്തത് എന്നാൽ കിട്ടിയതാകട്ടെ 8,000 രൂപ വിലമതിക്കുന്ന ഫോണും.
അബദ്ധം ഓണ്‍ലൈന്‍ വില്‍പനക്കാരായ ആമസോണിനെ അറിയിച്ചപ്പോള്‍ നബീലിന്റെ സത്യസന്ധതയെ അവര്‍ അഭിനന്ദിച്ചു. ഒപ്പം, ആ ഫോണ്‍ താങ്കള്‍ തന്നെ ഉപയോഗിച്ചോളൂ എന്ന മറുപടിയും നല്‍കി.
ആഗസ്ത് 10 നാണ് ഷവോമിയുടെ 1,400രൂപ വിലയുള്ള 20,000 എം.എ.എച്ച് പവര്‍ ബാങ്കിന് നബീല്‍ ബുക്ക് ചെയ്തത്. ആഗസ്ത് 15ന് പാഴ്സലായി സാധനം എത്തി. ഷവോമിയുടെ തന്നെ 8,000 രൂപ വിലമതിക്കുന്ന റെഡ് മി എട്ട് എ ഡ്യുവല്‍ എന്ന ഫോണായിരുന്നു അത്.
ലഭിച്ച സാധനത്തിന്റെ ഫോട്ടോ എടുത്ത് ഉടന്‍ തന്നെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ട്വീറ്റില്‍ ആമസോണിനെ ടാഗ് ചെയ്യുകയും ചെയ്തു.
തെറ്റ് പറ്റിയതില്‍ ക്ഷമാപണം നടത്തിയ ആമസോണ്‍ ഫോണ്‍ താങ്കള്‍ക്ക് തന്നെ ഉപയോഗിക്കുകയോ മറ്റാര്‍ക്കെങ്കിലും സംഭാവന ചെയ്യുകയോ ചെയ്യാമെന്നാണ് മറുപടി നൽകിയത്.