കോഴിക്കോട്: പെരുമഴപ്പെയ്ത്ത് മൂലമുണ്ടായ ദുരന്തവാർത്തകൾ കേട്ട് വിറങ്ങലിച്ചിരുന്ന സംസ്ഥാനത്തെ ഞെട്ടിച്ചു കൊണ്ടാണ് കരിപ്പൂരിലെ വിമാന അപകട വാർത്തയെത്തുന്നത്. ഇടുക്കിയിലെ പെട്ടിമുടിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് കുടുങ്ങിപ്പോയവർക്കായി തിരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് ഇങ്ങ് കോഴിക്കോടു നിന്നും അടുത്ത ദുരന്ത വാർത്തയെത്തുന്നത്.
കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിനിടെ തെന്നിമാറി 35 അടി താഴ്ചയിലേക്ക് പതിച്ച ദാരുണ അപകടത്തിൽ മരിച്ചത് 18 പേരാണ്. പൈലറ്റും സഹപൈലറ്റ് അടക്കം ഉള്ളവർ മരിച്ചവരിൽ ഉൾപ്പെടുന്നു. 123 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽനിന്ന് 190 യാത്രക്കാരുമായി വന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ എഎക്സ്ബി1344 ബി737 വിമാനം വെള്ളിയാഴ്ച രാത്രി 7.45ഓടെയാണ് അപകടത്തിൽപ്പെട്ടത്. ദുബായിയിൽനിന്ന് അവിടുത്തെ പ്രാദേശിക സമയം രണ്ട് മണിക്ക് പുറപ്പെട്ട് കരിപ്പൂരിൽ വൈകിട്ട് 7.27ന് എത്തേണ്ടിയിരുന്ന വിമാനമാണിത്.
35 അടി താഴ്ചയിലേക്കു പതിച്ച വിമാനം രണ്ടായി പിളരുകയായിരുന്നു. വിമാനത്തിനുള്ളിൽ കുടുങ്ങിയവരെ ഉൾപ്പെടെ എല്ലാവരെയും രാത്രി 11 മണിയോടെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. കേരളം കണ്ട ഏറ്റവും വലിയ വിമാനദുരന്തമായിരുന്നുവെങ്കിൽ കൂടി അപകടത്തിന്‍റെ ആഘാതം കുറച്ചത് സമയോചിതമായ ഇടപെട്ട നാട്ടുകാരും രക്ഷാപ്രവർത്തകരും തന്നെയായിരുന്നു
കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽപ്പോലും ഒരു അപകടം ഉണ്ടായപ്പോൾ എല്ലാം മറന്ന് പ്രദേശവാസികളാണ് രക്ഷാപ്രവർത്തനത്തിനായി ആദ്യം ഓടിയെത്തിയത്. നാട്ടുകാരുടെ ഈ കരുതൽ തന്നെയായിരുന്നു ഉണ്ടാകാമായിരുന്ന വലിയൊരു ദുരന്തത്തിന്‍റെ വ്യാപ്തി കുറച്ചതും
കിട്ടിയ വാഹനങ്ങളിലടക്കം ആളുകളെ ആശുപത്രികളിലെത്തിച്ചു. അപകടത്തിന്‍റെ ബഹളത്തിൽ വീട്ടുകാരിൽ നിന്നും ഒറ്റപ്പെട്ടു പോയ കുരുന്നുകള്‍ക്കും കരുതലായത് ഈ നാട്ടുകാർ തന്നെയാണ്. കുഞ്ഞുങ്ങളെ കരുതലോടെ ചേർത്ത് പിടിച്ച് ഇവർ ആശുപത്രികളിലെത്തിച്ചു. ഒപ്പം തന്നെയിരുന്ന് മാതാപിതാക്കളെ കണ്ടെത്തുന്നതിനായി സഹായവും തേടി.
അവസരോചിതമായ ഈ ഇടപെടലാണ് ഒരുപരിധി വരെ ദുരന്തവ്യാപ്തി കുറച്ചതും.. കോവിഡ് പശ്ചാത്തലത്തിൽ ഈ രക്ഷാ ദൗത്യത്തിൽ ഏർപ്പെട്ടവർ സ്വമേധയാ പരിശോധനയ്ക്ക് മുന്നോട്ടുവരണമെന്ന് അധികൃതർ അറിയിച്ചിട്ടുമുണ്ട്.
കനത്ത മഴ കാഴ്ച മറച്ചതാണ് കരിപ്പൂരിലെ അപകട കാരണമെന്നാണ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ വ്യക്തമാക്കുന്നത്. ലാൻഡിങ്ങിനിടെ റൺവേ 10ലൂടെ തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇടതുവശത്തേക്കു തെന്നിമാറി താഴേക്കു പതിക്കുകയായിരുന്നു.
വിമാനത്താവളത്തിനു പുറത്ത് കൊണ്ടോട്ടി- കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കു പതിച്ച വിമാനം വീഴ്ചയുടെ ആഘാതത്തിലാണ് രണ്ടായി പിളർന്നത്.
അപകടത്തിൽ വിമാനത്തിന്റെ കോക്പിറ്റ് മുതൽ മുൻവാതിൽ വരെയുള്ള ഭാഗം തകർന്നു. മുൻവാതിലിന്റെ ഭാഗത്തുവച്ചാണ് വിമാനം രണ്ടായി പിളർന്നത്.