ഇന്ത്യയിലെ സ്പോർട്സ് പ്രക്ഷേപണത്തിലെ സുപരിചിതമായ മുഖങ്ങളിലൊന്നാണ് മായന്തി ലാംഗർ. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഐ.പി.എല്ലിലും ലോകകപ്പ് അടക്കമുള്ള ഇന്ത്യയുടെ മത്സരങ്ങളിലും മായന്തി അവതാരകയായിരുന്നു.
ഐ.പി.എല്ലിന്റെ 13-ാം പതിപ്പിന്റെ ഭാഗമാകുന്ന അവതാരകരുടെ പട്ടിക ടൂര്‍ണമെന്റിന്റെ സംപ്രേക്ഷകരായ സ്റ്റാര്‍ സ്‌പോര്‍ട്‌സ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിൽ മായന്തി ലാംഗറിന്റെ പേരില്ലാത്തത് ഏറെ ചർച്ചയായി.
ഇതോടെയാണ് പലരും കാരണം തിരക്കി സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. ഇതിനിടെ സ്റ്റാർ സ്പോർട്സ് ഇന്ത്യയുമായി മായന്തിക്ക് ചില പ്രശ്നങ്ങള്‍ ഉണ്ടെന്ന തരത്തിലുള്ള ചില അഭ്യൂഹങ്ങളും പ്രചരിപ്പിക്കപ്പെട്ടു.
എന്നാൽ ഐപിഎല്ലിന് ഇത്തവണ ഇല്ലാത്തതിന്റെ കാരണം മായന്തി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
ആറാഴ്ച മുമ്പാണ് ഇന്ത്യൻ ക്രിക്കറ്റ് താരം സ്റ്റുവർട്ട് ബിന്നിക്കും തനിക്കും ഒരു ആൺ കുഞ്ഞ് പിറന്നതെന്നും അതിനുശേഷം ജീവിതമാകെ മാറിയിരിക്കുകയാണെന്നും മായന്തി അറിയിച്ചു.
കുഞ്ഞിനും സ്റ്റുവര്‍ട്ടിനുമൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് അമ്മയായ കാര്യം മായന്തി അറിയിച്ചിരിക്കുന്നത്.
ഐ.പി.എല്ലിന്റെ ഭാഗമാകാത്തതിനെ കുറിച്ച് പലരും അന്വേഷിച്ചുവെന്നും ചിലര്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും മായന്തി പറഞ്ഞു.
കഴിഞ്ഞ അഞ്ചു വര്‍ഷമായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് കുടുംബം മികച്ച അവസരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ആവശ്യമായ സമയത്തെല്ലാം പിന്തുണ നല്‍കിയിട്ടുണ്ടെന്നും മായന്തി കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
അഞ്ചു മാസം ഗര്‍ഭിണിയാവുന്നതു വരെ തനിക്കായി അവര്‍ പല വിട്ടുവീഴ്ചകളും ചെയ്തിട്ടുണ്ടെന്നും മായന്തി പറയുന്നു.
ഇതിനു പിന്നാലെ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ നിരവധി പേർ സ്റ്റുവർട്ടിനും മായന്തിക്കും ആശംസകളുമായി എത്തി.