മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നടി റിയ ചക്രബർത്തിക്ക് നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ നിർദേശം.
ഇന്നുതന്നെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് റിയയോട് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് ദിവസങ്ങൾക്ക് മുമ്പ് കേസുമായി ബന്ധപ്പെട്ട് റിയയുടെ സഹോദരൻ ഷോവിക് ചക്രബർത്തിയെ അറസ്റ്റ് ചെയ്തിരുന്നു.
സമൻസ് നൽകുന്നതിനായി അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥർ ഇന്ന് രാവിലെ റിയയുടെ മുംബൈയിലെ വീട്ടിലെത്തി.
ശനിയാഴ്ച സുശാന്തിന്റെ വീട്ടു ജോലിക്കാരൻ ദീപേഷ് സാവന്ദിനെ കേസുമായി ബന്ധപ്പെട്ട് നാർകോട്ടിക്സ് ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് റിയയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്.
റിയയെയും ഷോവിക്കിനെയും ഒന്നിച്ച് ചോദ്യം ചെയ്യുമെന്ന് നേരത്തെ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. റിയ ചക്രവർത്തിയുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എൻഫോഴ്സ്മെന്റ് അറിയിച്ചതിനെ തുടർന്നാണ് എൻസിബി കേസിൽ മയക്കു മരുന്ന് ആംഗിൾ അന്വേഷിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് റിയയുടെ സഹോദരൻ ഷോവിക് ചക്രബർത്തി, സുശാന്തിന്റെ വീടിന്റെ മാനേജർ സാമുവൽ മിരാൻഡ എന്നിവർ അറസ്റ്റിലായത്.
ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുശാന്തിന്റെ വീട്ടു ജോലിക്കാരൻ ക്കാരന് ദീപേഷ് സാവന്തിനെ എൻസിബി അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഷോവിക് ചക്രബർത്തി, സാമുവൽ മിരാൻഡ എന്നിവരെ സെപ്തംബര്‍ 9 വരെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മറ്റൊരു പ്രതി അബ്ദേൽ ബാസിത് പരീഹർ എന്നയാളിൽ നിന്ന് ഷോവിക് മയക്കു മരുന്ന് ഓഡർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഗൂഗിൾ പേ വഴി ഇയാൾക്ക് ഷോവിക് പണം കൈമാറിയതിന് തെളിവുകളും ലഭിച്ചിട്ടുണ്ട്.
മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് എൻസിബി ഓഗസ്റ്റ് 26നാണ് നാർകോട്ടിക്സ് നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. റിയ ചക്രബർത്തി, ഷോവിക് ചക്രബർത്തി, ടാലന്റ് മാനേജർ ജയ സാഹ, സുശാന്തിന്റെ മാനേജർ ശ്രുതി മോദി, ഗോവയിലെ ഹോട്ടലുടമ ഗൗരവ് ആര്യ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയുടെ അന്വേഷണവും പുരോഗമിക്കുന്നുണ്ട്.