ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി നിരന്തരം ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയ സംഭവത്തില്‍ ചെന്നൈയിൽ രണ്ട് മലയാളി യുവാക്കൾ അറസ്റ്റിൽ.
ചെന്നൈ എരുക്കഞ്ചേരി എസ്.എം. നഗര്‍ ഒ.എസ്.സി. കോളനിയില്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശി സുബിന്‍ ബാബു (24), സുഹൃത്ത് സജിന്‍ വര്‍ഗീസ് (27) എന്നിവരാണ് അറസ്റ്റിലായത്. ചെന്നൈയിലെ ഒരു സ്വകാര്യകമ്പനിയിലെ മാനേജരാണ് സുബിന്‍ ബാബു.
ചെന്നൈ സെമ്പാക്കത്ത് താമസിക്കുന്ന 19 കാരിയായ മലയാളി പെണ്‍കുട്ടിയെ 2017-ലാണ് സുബിന്‍ പരിചയപ്പെടുന്നത്. അന്ന് 16 വയസ്സുണ്ടായിരുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കി പ്രതി പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു.
ഈ ദൃശ്യങ്ങൾ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തിയ സുബിന്‍ പെൺകുട്ടിയോട് പണം ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ പുറത്തു വിടുമെന്നു ഭയന്ന പെണ്‍കുട്ടി പലതവണ പണവും ആഭരണങ്ങളും സുബിന് നൽകി. ഇത്തരത്തിൽ മൂന്നുലക്ഷത്തോളം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.
ഇയാൾ വീണ്ടും പണമാവശ്യപ്പെട്ട് ഭീഷണി തുടർന്നു. ഇതോടെ പെണ്‍കുട്ടി ആത്മഹത്യയയ്ക്കു ശ്രമിച്ചു. ഇതിനു പിന്നാലെയാണ് സുബിന്റെ ഭീഷണി സംബന്ധിച്ച് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ അറിയുന്നത്. അവര്‍ ഇടപെട്ടതിനെ തുടർന്ന് പിന്നീട് കുറേനാളത്തേക്ക് ശല്യമില്ലായിരുന്നെങ്കിലും കഴിഞ്ഞവര്‍ഷം വീണ്ടും പെണ്‍കുട്ടിയെ സമീപിച്ച് ഭീഷണിപ്പെടുത്തി.
എന്നാൽ തന്നെ വിവാഹം ചെയ്യണമെന്ന് പെണ്‍കുട്ടി സുബിനോട് ആവശ്യപ്പെട്ടു. ഇതുസമ്മതിക്കാതിരുന്ന സുബിൻ സുഹൃത്തായ സജിന്‍ വര്‍ഗീസിനെയും മറ്റൊരു സുഹൃത്തിനെയും ഉപയോഗിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
16 വയസ്സുമുതലുള്ള സ്വകാര്യവീഡിയോകള്‍ കൈവശമുണ്ടെന്നും അത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും തങ്ങളെ അനുസരിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്നുമാണ് സജിന്‍ വര്‍ഗീസ് ഭീഷണിപ്പെടുത്തിയത്. മാതാപിതാക്കളെ ഈ വിവരങ്ങളറിയിച്ച പെണ്‍കുട്ടി പിന്നീട് താംബരം ഓള്‍ വുമന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകളാണ് പൊലീസ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.