ഉത്തർപ്രദേശിൽ നിന്ന് വീണ്ടും കൂട്ടബലാത്സംഗത്തിന്റെ വാർത്ത. ഇത്തവണ പതിനേഴുകാരിയുടെ മൃതദേഹം ഫത്തേപുർ ജില്ലയിലെ ഗ്രാമത്തിലാണ് കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, ബലാത്സംഗത്തിനു ശേഷമാണ് കൊല്ലപ്പെട്ടതെന്ന് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ പറഞ്ഞതായി പൊലീസ് അറിയിച്ചു.
ഗ്രാമത്തിലെ ഒരു വയലിൽ നിന്ന് ബുധനാഴ്ച രാത്രിയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പ്രഥമദൃഷ്ട്യാ പെൺകുട്ടിയെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത് എന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സൂപ്രണ്ട് പ്രശാന്ത് വെർമയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ പറയുന്നത് ബലാത്സംഗത്തിന് ശേഷം കുട്ടിയെ കൊന്നുവെന്നാണ്. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായോ ഇല്ലയോ എന്ന് പറയാൻ കഴിയുകയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഒരു യുവാവിനെതിരെ പരാതി നൽകി. ഇരുപത്തിമൂന്നുകാരനായ ആദിത്യ റായ്ദാസിന് എതിരെയാണ് കുടുംബാംഗങ്ങൾ പരാതി നൽകിയത്. ഇയാൾ പെൺകുട്ടിയുടെ ഗ്രാമത്തിന്റെ അടുത്തുള്ള ഗ്രാമത്തിലാണ് താമസിക്കുന്നത്. സംഭവം ഗ്രാമത്തിൽ സംഘർഷത്തിനിടയാക്കി. ഇതിനെ തുടർന്ന് പ്രദേശത്ത് കനത്ത പൊലീസ് സന്നാഹത്തെയാണ് നിയോഗിച്ചിരിക്കുന്നത്.
ഹത്രാസിലെ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട വാർത്ത ദേശീയതലത്തിൽ തന്നെ വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു. ക്രൂര പീഡനത്തിനിരയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടാഴ്ചയ്ക്ക് ശേഷം മരിക്കുകയായിരുന്നു. എന്നാൽ, മൃതദേഹം കുടുംബാംഗങ്ങൾക്ക് നൽകാതെ രാത്രിയിൽ തന്നെ പൊലീസ് സംസ്കരിക്കുകയായിരുന്നു. ഇതും വൻപ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. പ്രതിഷേധങ്ങളെ തുടർന്ന് കേസ് അന്വേഷണം സിബിഐക്ക് വിടുന്നതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു.
ഹത്രാസ് സംഭവം ദേശീയശ്രദ്ധ നേടിയതിനു പിന്നാലെ ഉത്തർപ്രദേശിൽ നിന്ന് പെൺകുട്ടികൾക്ക് എതിരെയുള്ള നിരവധി അക്രമങ്ങളുടെ വാർത്തകളാണ് എത്തുന്നത്. ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവും സഹോദരനും ചേർന്ന് കൊലപ്പെടുത്തിയിരുന്നു.
സ്കൂളിൽ പോകുകയോ പഠിക്കുകയോ ചെയ്യാത്ത പെൺകുട്ടി ഒരു ബന്ധുവിനൊപ്പം താമസിച്ചു വരികയായിരുന്നു. താൻ പീഡനത്തിനിരയായത് പെൺകുട്ടി വീട്ടിൽ പറഞ്ഞില്ല. ഗർഭിണി ആയതിനു ശേഷം ആരാണ് ഉത്തരവാദിയെന്ന് വീട്ടുകാർ അന്വേഷിച്ചെങ്കിലും പെൺകുട്ടി ഒന്നും തുറന്നു പറഞ്ഞില്ല. ഇതിനെ തുടർന്ന് സഹോദരനും പിതാവും ചേർന്ന് പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. അപമാനം സഹിക്കാൻ കഴിയാത്തതിനാലാണ് മകളെ കൊന്നതെന്ന് പെൺകുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞിരുന്നു.