നാല് പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമ സംഗീതത്തിൽ നിറഞ്ഞു നിന്ന ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. കോവിഡ് ബാധയെ തുടർന്ന് ചെന്നൈയിലെ എംജിഎം ഹെൽത്ത് സെന്‍ററിൽ ചികിത്സയിലിരിക്കെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04 ഓടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
എസ്പിബി എന്ന ചുരുക്കപ്പേരിൽ സംഗീതാസ്വാദകരുടെ മനസുകീഴടക്കിയ അദ്ദേഹം ഒരുപിടി റെക്കോർഡുകളാണ് ഈ കാലയളവിൽ സ്വന്തമാക്കിയിട്ടുള്ളത്. ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ള ഗായകൻ എന്ന ഗിന്നസ് റെക്കോർഡ് അദ്ദേഹത്തിനാണ്. 16 ഇന്ത്യൻ ഭാഷകളിലായി 40,000ത്തിലധികം ഗാനങ്ങളാണ് അദ്ദേഹം ആലപിച്ചിട്ടുള്ളത്.
ഗായകനു പുറമെ നടന്‍, ഡബ്ബിംഗ് ആർട്ടിസ്റ്റ്, നിർമാതാവ്, സംഗീത സംവിധായകൻ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. ഏറ്റവും കൂടുതൽ സിനികളിൽ അഭിനയിച്ച ഇന്ത്യൻ ഗായകൻ എന്ന ബഹുമതിയും അദ്ദേഹത്തിന്റെ പേരിലാണ്.
നാലു ഭാഷകളിലായി മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം ആറ് തവണ അദ്ദേഹം നേടി. 1979, 1981, 1983, 1988, 1995, 1996 എന്നീ വർഷങ്ങളിലാണ് അദ്ദേഹത്തിന് ദേശീയ അവാർഡുകൾ ലഭിച്ചത്.
2001 ൽ പത്മശ്രീയും 2011 ൽ പദ്‌മഭൂഷണും ലഭിച്ചു.
12 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡിംഗിനായി പാടിയ ഗായകൻ എന്ന റെക്കോർഡും എസ്പിബിക്കാണ്. കന്നട സംഗീത സംവിധായകനായ ഉപേന്ദ്രകുമാറിന് വേണ്ടി അദ്ദേഹം 12 മണിക്കൂറുകള്‍ കൊണ്ട് പാടി റെക്കോഡ് ചെയ്തത് 21 ഗാനങ്ങള്‍.