ന്യൂഡൽഹി: കാമുകിയെ വെടിവച്ച് പരിക്കേൽപ്പിച്ച് ഓടി രക്ഷപ്പെട്ട ഡൽഹി പൊലീസ് സബ് ഇൻസ്പെക്ടർ സന്ദീപ് ദാഹിയ ഹരിയാനയിലെ റോഥക്കിൽ വച്ച് അമ്മായിഅച്ഛനെ വെടിവച്ച് കൊന്നു. വാക്കു തർക്കത്തെ തുടർന്നാണ് സന്ദീപ് ദാഹിയ കാമുകിയെ വെടിവച്ചത്. സർവീസ് റിവോൾവറുമായിട്ട് ആയിരുന്നു എസ്.ഐ ഈ ക്രൂരകൃത്യങ്ങൾ നടത്തിയത്.
അമ്മായിഅച്ഛനെ കൊലപ്പെടുത്തിയതിനു ശേഷം എസ് ഐ റിവോൾവറുമായി രക്ഷപ്പെട്ടു. അതേസമയം, എസ്.ഐയെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അതേസമയം, ഭാര്യയെ കൊല്ലാനുള്ള ഉദ്ദേശത്തോടെ ആയിരുന്നു ഭാര്യയുടെ വീട്ടിലേക്ക് ദാഹിയ പോയതെന്നും എന്നാൽ ഭാര്യയെ കൊല്ലുന്നതിന് പകരം അമ്മായിഅച്ഛനായ രൺവീർ സിംഗിനെ കൊലപ്പെടുത്തുക ആയിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കഴിഞ്ഞ കുറേ വർഷങ്ങളായി പൊലീസ് ഉദ്യോഗസ്ഥനും 36കാരിയായ ഭാര്യയും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷമായി ദാഹിയ മറ്റൊരു സ്ത്രീയുമായി ബന്ധത്തിലാണ്.
എന്നാൽ, ഞായറാഴ്ച ഉത്തര ഡൽഹിയിലെ അലിപുർ മേഖലയിലെ ജിടി കർണാൽ റോഡരികിൽ വച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ദാഹിയ കാമുകിക്ക് നേരെ വെടിയുതിർക്കുകയും ആയിരുന്നു. ഇരുവരും കാറിനുള്ളിൽ വച്ച് വഴക്കു കൂടുന്നതിനിടെ ദാഹിയ യുവതിയെ വെടി വയ്ക്കുകയായിരുന്നു.
ജിടി കർണാൽ റോഡിലെ സായ് മന്ദിർ മുറിച്ചു കടക്കുന്നതിനിടയിൽ സബ് ഇൻസ്പെക്ടർ ജയ് വീർ വെടിയേറ്റു കിടക്കുന്ന യുവതിയെ കാണുകയായിരുന്നു. ഉടൻ തന്നെ യുവതിയെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിനിടയിൽ, തന്നെ വെടിവച്ചത് ലഹോരി ഗേറ്റ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ആയ ദാഹിയ ആണെന്ന് യുവതി പൊലീസിനെ അറിയിച്ചു. അതേസമയം, യുവതിയുടെ നില കുഴപ്പമില്ലെന്ന് ഡിസിപി അറിയിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ ചേർത്ത് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.