ബംഗാളി നടിയും തൃണമൂൽ കോൺഗ്രസ് എംപിയുമായ നുസ്രത് ജഹാന് സമൂഹമാധ്യമങ്ങളിൽ വധഭീഷണി. ദുർഗാ ദേവിയായി വേഷമിട്ട നുസ്രത് ജഹാന്റെ ഫോട്ടോ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു.
ഇതിന് പിന്നാലെയാണ് വധഭീഷണി ഉയർന്നിരിക്കുന്നത്. എംപിയുടെ ഓഫീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
നിലവിൽ ഷൂട്ടിംഗിനായി ലണ്ടനിലുള്ള ജഹാൻ വധഭീഷണിക്കു പിന്നാലെ വിദേശകാര്യമന്ത്രാലയത്തോട് അധിക സുരക്ഷ ആവശ്യപ്പെട്ടിരിക്കുകയാണെന്ന് ഇന്ത്യടുഡേ റിപ്പോർട്ട് ചെയ്തിരിക്കുന്നു.
പശ്ചിമബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് എംപിയായ ജഹാൻ ബംഗാള്‍ സർക്കാരിനോടും അധിക സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര യാത്രയ്ക്കിടെ സുരക്ഷയ്ക്കായിട്ടാണ് ബംഗാൾ സർക്കാരിനോട് അഭ്യർത്ഥിച്ചിരിക്കുന്നത്.
അതേസമയം നുസ്രത് ജഹാന്റെ സുരക്ഷ ലണ്ടനിലെ ഇന്ത്യൻ എംബസിയുമായി വിദേശകാര്യമന്ത്രാലയം ഏകോപിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.
പശ്ചിമ ബംഗാളിലെ ഉത്സവ സീസണിന്റെ തുടക്കം കുറിക്കുന്ന മഹാലയയുടെ ഭാഗമായിട്ടാണ് ജഹാൻ ദുർഗാദേവിയായി വേഷമിട്ടുകൊണ്ട് ഫോട്ടോഷൂട്ട് നടത്തിയത്. ദുർഗാദേവിയായി കയ്യിൽ ത്രിശൂലുമായി പോസ് ചെയ്തു കൊണ്ടുള്ളതാണ് ഫോട്ടോ. ഇതിന്റെ വീഡിയോയും അവർ പിന്നീട് പോസ്റ്റ് ചെയ്തിരുന്നു.
എന്നാൽ ഇതിന് നല്ല സ്വീകരണമല്ല ലഭിച്ചത്. ഒരു മുസ്ലീം സ്ത്രീയായ ജഹാന്‍ ഹിന്ദു ദേവതയായി വേഷമിട്ടത് എതിർത്തുകൊണ്ട് നിരവധി പേർ എത്തിയിരുന്നു. കൂടാതെ നുസ്രത്ത് ജഹാൻ ഹിന്ദുവിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ബിസിനസുകാരൻ നിഖിൽ ജെയിനാണ് നുസ്രത് ജഹാന്റെ ഭർത്താവ്.
ഇതിനെ തുടർന്നാണ് വധഭീഷണി ഉയർന്നത്. അടുത്ത ചിത്രത്തിന്റെ ഷൂട്ടിംഗിനായി ലണ്ടനിലുള്ള ജഹാൻ നേരിട്ട് പൊലീസിൽ പരാതി നൽകിയിട്ടില്ല.
ജഹാൻ മതേതര കാഴ്ചപ്പാടുകൾക്കു വേണ്ടി നിലകൊള്ളുന്നയാളാണെന്നും ഇത്തരം ഭീഷണികൾ കൊണ്ടൊന്നും അവരെ പിന്തിരിപ്പിക്കാനാകില്ലെന്നും ജഹാനുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.