ദേശീയ സന്നദ്ധ രക്തദാനദിനത്തില്‍ പ്ലാസ്മ നല്‍കി മലപ്പുറം ജില്ലാ കലക്ടറും സഹപ്രവര്‍ത്തകരും മാതൃകയായി.
മലപ്പുറം ജില്ല കളക്ടർ കെ. ഗോപാലകൃഷ്ണൻ, അസിസ്റ്റന്റ് കലക്ടര്‍ വിഷ്ണുരാജ്, ഗണ്‍മാന്‍ ടി. വിനു, ഡ്രൈവര്‍ കെ.എം പ്രസാദ് എന്നിവർ ആണ് പ്ലാസ്മ ദാനം ചെയ്തത്.
കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ ഇപ്പൊൾ വ്യാപകമായി പ്ലാസ്മ തെറാപ്പി നടത്തുന്നുണ്ട്.
കോവിഡ് മുക്തരായവരിൽ നിന്നും പ്ലാസ്മ കൂടുതൽ ശേഖരിക്കുക എന്നത് ഈ ഘട്ടത്തിൽ അനിവാര്യമാണ്. ഇക്കാരണത്താൽ ആണ് കളക്ടറും സഹപ്രവർത്തകരും പ്ലാസ്മ ദാനം ചെയ്തു മാതൃക ആയത്.
ജില്ലയില്‍ കാറ്റഗറി സി ടൈപ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് അതിജീവിച്ചവരെല്ലാം പ്ലാസ്മ നല്‍കാന്‍ സന്നദ്ധരാവണമെന്ന് കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.
ഓഗസ്റ്റ് 14നാണ് ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. 22ന് കോവിഡ് പരിശോധനാ ഫലം നെഗറ്റീവായി.
ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളജില്‍ നടത്തിയ ചടങ്ങിലാണ് ഇവര്‍ പ്ലാസ്മ നല്‍കിയത്.
സൂപ്രണ്ട് ഡോ. കെ.വി. നന്ദകുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ.ഷീന ലാല്‍, ഡോ. ഇ. അഫ്‌സല്‍, നോഡല്‍ ഓഫീസര്‍ ഡോ. പി. ഷിനാസ് ബാബു, ആര്‍.എം.ഒ സഹീര്‍ നെല്ലിപ്പറമ്പന്‍, ഡോ.പ്രവീണ, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോവിഡ് ഭേദമായി 28 ദിവസം മുതല്‍ നാല് മാസം വരെയുള്ള കാലയളവിലാണ് ഒരു വ്യക്തിയില്‍ നിന്ന് പ്ലാസ്മ ശേഖരിക്കുന്നത്. ഇത് ഒരു വര്‍ഷം വരെ സൂക്ഷിച്ച് വെയ്ക്കാന്‍ സാധിക്കും.
കോവിഡ് രോഗാണുവിനെതിരായ ആന്റിബോഡി കോവിഡ് വിമുക്തരുടെ പ്ലാസ്മയില്‍ നിന്ന് ലഭ്യമാവും. പതിനെട്ടിനും അമ്പതിനും ഇടയില്‍ പ്രായമുള്ള 55 കിലോയിലധികം ഭാരമുള്ള കോവിഡ് വിമുക്തരില്‍ നിന്നാണ് പ്ലാസ്മ ശേഖരിക്കുന്നത്