ജസീന്ത ആർഡന്റെ ജനപ്രീതി തന്നെയാണ് ന്യൂസിലാന്‍ഡില്‍ ലേബര്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിച്ചത്. രണ്ടാം മന്ത്രിസഭയിലും പുതുമയാർന്ന നിരവധി കാര്യങ്ങളാണ് ജസീന്ത നടപ്പാക്കിയിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായി ഗേ വിഭാഗത്തിൽപ്പെട്ട ഒരാളെ ഉപപ്രധാനമന്ത്രിയാക്കി ന്യൂസിലാന്‍ഡ് ലോകത്തെ തന്നെ ഞെട്ടിച്ചുകളഞ്ഞു. ഗ്രാന്‍ഡ് റോബേര്‍ട്ട്സണാണ് ഉപപ്രധാനമന്ത്രി.
ഗോത്ര വിഭാഗത്തിനും മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകിയിട്ടുണ്ട്. മാവോറി വിഭാഗത്തിൽപ്പെട്ട നാനെയ് മഹുത്വയാണ് വിദേശകാര്യ മന്ത്രി. ആദ്യമായാണ് മാവോറി വിഭാഗത്തില്‍പ്പെട്ട ഒരാൾ മന്ത്രിസഭയിലെത്തുന്നത്.
മന്ത്രിസഭയിലെ മലയാളി വനിതയുടെ സന്നിധ്യത്തിലൂടെ ഇന്ത്യക്കാർക്കും പ്രത്യേകിച്ച് കേരളീയർക്കും അഭിമാനിക്കാം. പ്രിയങ്കാ രാധാകൃഷ്ണനാണ് ജസീന്ത ആര്‍ഡേണ്‍ മന്ത്രിസഭയില്‍ ഇടംനേടിയത്. എറണാകുളം പറവൂര്‍ സ്വദേശിയാണ് പ്രിയങ്ക. പ്രിയങ്കക്ക് മൂന്ന് വകുപ്പുകളുടെ ചുമതലയാണുള്ളത്. സാമൂഹികം, യുവജനക്ഷേമം, സന്നദ്ധ മേഖല എന്നിവയുടെ ചുമതലയാണ് പ്രിയങ്കക്കുള്ളത്.
ഗേ ആണെന്ന് പരസ്യമായി പ്രഖ്യാപിച്ച വ്യക്തിയാണ് ഉപപ്രധാനമന്ത്രിയായി നിയമിതനായ ഗ്രാന്‍ഡ് റോബേര്‍ട്ട്സൺ. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുക്കാന്‍ പിടിച്ചതും ഗ്രാന്‍ഡ് റോബേര്‍ട്ട്സണാണ്. നേതൃഗുണങ്ങളാണ് പരിഗണിച്ചതെന്നും വ്യക്തിത്വമല്ലെന്നുമാണ് ജസീന്ത വ്യക്തമാക്കിയിരിക്കുന്നത്.
എറണാകുളം ജില്ലയിലെ പറവൂര്‍ മാടവനപ്പറമ്പ് രാമന്‍ രാധാകൃഷ്ണന്‍ - ഉഷ ദമ്പതികളുടെ മകളായ പ്രിയങ്ക ന്യൂസിലാൻഡ് മന്ത്രിസഭയിൽ അംഗമാകുന്ന ആദ്യ ഇന്ത്യക്കാരിയാണ്. പ്രിയങ്കയുടെ കുട്ടിക്കാലം സിംഗപ്പൂരിലായിരുന്നു. പിന്നീട് ന്യൂസിലന്‍റിലെത്തി സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി. 2006ലാണ് പ്രിയങ്ക ലേബര്‍ പാര്‍ട്ടിയില്‍ അംഗമായത്. 2017ല്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. 2019ല്‍ പാര്‍ലമെന്‍ററി പ്രൈവറ്റ് സെക്രട്ടറിയായി.
20 അംഗ മന്ത്രിസഭയില്‍ ഗോത്ര വര്‍ഗക്കാര്‍ക്കും സ്ത്രീകള്‍ക്കും ഒരു പോലെ പ്രാധാന്യം ജസീന്ത നല്‍കിയിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിൽ കാട്ടിയ മികവും ജസീന്തയുടെ വിജയം എളുപ്പമാക്കി.
120 അംഗ പാർലമെന്റിൽ ജസീന്തയുടെ ലിബറൽ ലേബർ പാർട്ടി 64 സീറ്റുകൾ ഉറപ്പാക്കി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിരുന്നു. ജസീന്തയുടെ പാർട്ടി 49 ശതമാനം വോട്ടുകൾ നേടിയപ്പോൾ കൺസർവേറ്റിവ് നാഷണൽ പാർട്ടിക്ക് 27 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്.