കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യൻ നായകൻ വിരാട് കോലിയുടെ 32ാം ജന്മദിനം. ഐപിഎൽ മത്സരങ്ങൾക്കായി യുഎഇയിലുള്ള വിരാട് ഭാര്യ അനുഷ്ക ശർമയ്ക്കൊപ്പം ദുബായിലാണ് ഇത്തവണ ജന്മദിനം ആഘോഷിച്ചത്.
റോയൽ ചാലഞ്ചേഴ്സ് വിരാട് കോലിക്കൊരുക്കിയ ബെർത്ത്ഡേ ആഘോഷങ്ങളുടെ ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്. അർധരാത്രി ഒരുക്കിയ ബെർത്ത്ഡേ ആഘോഷത്തിൽ വിരാട്, അനുഷ്ക എന്നിവർക്കൊപ്പം ബാംഗ്ലൂർ ടീമംഗങ്ങളും പങ്കെടുത്തു.
മെഴുകുതിരി ഊതിക്കെടുത്തി കേക്ക് മുറിക്കുന്നതും ഭാര്യ അനുഷ്കയ്ക്ക് കേക്ക് നൽകുന്നതും ചിത്രങ്ങളിൽ കാണാം. ടീം അംഗങ്ങൾ കോലിയെ കേക്കിൽ കുളിപ്പിച്ചിരിക്കുന്നതാണ് മറ്റൊരു ചിത്രം.
ചിത്രങ്ങൾ കോലി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലും ചിത്രം പങ്കുവെച്ചിട്ടുണ്ട്.
“എങ്ങനെയാ ഇത് ആരംഭിച്ചത് എങ്ങനെയാ ഇത് അവസാനിച്ചത്. ക്യാപ്റ്റൻ കോഹ്‌ലിയുടെ ജന്മദിനാഘോഷം അദ്ദേഹത്തിന്റെ ബാറ്റിംഗ് പോലെ തകർത്തുകളഞ്ഞു!- എന്നാണ് റോയൽ ചാലഞ്ചേഴ്സ് കുറിച്ചിരിക്കുന്നത്.
കോലിയുടെ ബെർത്ത് ഡേ പാർട്ടിയിൽ യുസ്വേന്ദ്ര ചാഹലിനെയും ഭാവിവധു ധനശ്രീ വര്‍മയെയും കാണാം. കോലിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് ചാഹൽ ബെർത്ത് ഡേ ആശംസകൾ അറിയിച്ചിട്ടുണ്ട്.
എബി ഡിവില്ലിയേഴ്സും കോലിക്ക് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്. പരസ്പരം മുഖത്ത് കേക്കു പൂശിനിൽക്കുന്ന ചിത്രത്തിനൊപ്പമാണ് ഡിവില്ലിയേഴ്സ് കോലിക്ക് ആശംസകൾ നേർന്നിരിക്കുന്നത്.
ഐപിഎൽ 13ാം സീസണില്‍ നാലാം സ്ഥാനക്കാരാണ് ബാംഗ്ലൂർ. ഹൈദരാബാദും ബാംഗ്ലൂരും തമ്മിൽ ആദ്യ എലിമിനേറ്റർ പോരാട്ടത്തിൽ ഏറ്റുമുട്ടും.