തിരുവനന്തപുരം: കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ജനമനസ്സുകളില്‍ ഇടംനേടിയ പ്രിയ സഖാവിന് ചൊവ്വാഴ്ച 97 വയസ് പൂര്‍ത്തിയായി. ഭരണപരിഷ്ക്കാര കമ്മിഷൻ അധ്യക്ഷന്റെ ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസില്‍ കുടുംബാംഗങ്ങൾക്കൊപ്പമായിരുന്നു പിറന്നാൾ ആഘോഷം. ജീവിച്ചിരിക്കുന്ന ഏറ്റവും ജനകീയനായ കമ്മ്യൂണിസ്റ്റ് നേതാവ്, വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന് ആയുരാരോഗ്യം നേര്‍ന്ന് നിരവധി ഫോണ്‍കോളുകളാണ് തിരുവനന്തപുരത്തെ 'കവടിയാര്‍' ഹൗസിലേക്ക് എത്തിയത്.
ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്റെ ഔദ്യോഗിക വസതിയില്‍ നിന്ന് വിഎസ് പുറത്തേക്ക് ഇറങ്ങിയിട്ട് ഏതാണ്ട് ഒരു വര്‍ഷമായി. കോവിഡ് നിയന്ത്രണങ്ങളും പ്രായാധിക്യവും കാരണം വസതിയില്‍ തന്നെയാണ് മുഴുവന്‍ സമയവും. ഏത് പ്രതിസന്ധിയിലും തന്നില്‍ ഊര്‍ജം നിറയ്ക്കുന്ന ജനങ്ങളെ കാണാതെ, അവരോട് സംവദിക്കാതെ വിഎസ് കഴിയുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇതാദ്യമായിട്ടാകാം.
കഴിഞ്ഞ ഒക്ടോബറില്‍ തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടര്‍ന്ന് വിഎസിന് ആശുപത്രിയില്‍ കഴിയേണ്ടി വന്നിരുന്നു. ഇതിനുശേഷം പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സന്ദര്‍ശകരെ സ്വീകരിക്കുന്നില്ല. ചിട്ടയായ ജീവിത രീതികള്‍ കൊണ്ട് പതിവ് ജീവിതത്തിലേക്ക് അദ്ദേഹം ഏറെക്കുറെ മടങ്ങിവന്നെങ്കിലും നടക്കുന്നതിന് പരസഹായം വേണ്ടിവരുന്നു. പത്രങ്ങള്‍ വായിച്ചുകേള്‍ക്കും. രാഷ്ട്രീയരംഗത്തെ ഓരോ ചലനങ്ങളും അറിയാന്‍ ശ്രമിക്കുന്നു. എങ്കിലും കേരള രാഷ്ട്രീയത്തെ മാറ്റിമറിയ്ക്കുന്ന ഇടപെടലുകള്‍ മാത്രം ഇപ്പോള്‍ ഇല്ല.
1964ല്‍ ഇന്ത്യന്‍ കമ്മ്യണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങി വന്ന് മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതിന് നേതൃത്വം വഹിച്ച 32 പേരില്‍ ജീവിച്ചിരിക്കുന്ന ഒരേയൊരാളാണ് വി എസ്. രാഷ്ട്രീയ രംഗത്തും പാര്‍ലമെന്ററി രംഗത്തും ഇത്രയേറെ സ്വീകാര്യനായ കമ്മ്യൂണിസ്റ്റ് നേതാവ് രാജ്യത്ത് തന്നെ വേറെയില്ല. കേരള രാഷ്ട്രീയം ഇന്ന് ഏറെ മിസ് ചെയ്യുന്നത് വിഎസിന്റെ രാഷ്ട്രീയ വിഷയങ്ങളിലെ സജീവമായ ഇടപെടലുകളാണ്. അഴിമിതിക്കും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കുമെതിരെ എന്നും ജനങ്ങള്‍ക്കൊപ്പം ചേര്‍ന്നുനിന്ന് ശബ്ദമുയര്‍ത്താന്‍ വി എസ് ഉണ്ടായിരുന്നു. ഓരോ രാഷ്ട്രീയ സംഭവവികാസങ്ങളിലും അളന്നുമുറിച്ചുള്ള വി എസിന്റെ നിലപാടുകള്‍ക്കായി കേരളം കാത്തിരിക്കുമായിരുന്നു, അടുത്തകാലംവരെ.
1923 ഒക്ടോബര്‍ 20ന് പുന്നപ്രയില്‍ ജനനം. കഷ്ടതകള്‍ നിറഞ്ഞ കുട്ടിക്കാലം. അച്ഛന്റെയും അമ്മയുടെയും മരണത്തിന് പിന്നാലെ ഏഴാം ക്ലാസില്‍വെച്ച് ഔദ്യോഗിക വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് തയ്യല്‍ തൊഴിലാളിയായും കയര്‍ ഫാക്ടറിയിലെ തൊഴിലാളിയുമായി മുന്നോട്ട്. 17ാം വയസില്‍ പി കൃഷ്ണപ്പിള്ള തെളിച്ച വഴിയിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍. പിന്നീട് പടിപടിയായി വളര്‍ന്ന് സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിലേക്ക്. 1946ലെ ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമരത്തിന്റെ പ്രധാന നേതാക്കളില്‍ ഒരാളാണ് വി എസ് അച്യുതാനന്ദന്‍. സമരത്തിന്റെ പേരില്‍ അറസ്റ്റിലാവുകയും ക്രൂരമര്‍ദ്ദനത്തിന് ഇരയാവുകയും ചെയ്തിരുന്നു. പാര്‍ട്ടി രഹസ്യങ്ങള്‍ വെളിപ്പെടുത്താത്തതിന്റെ പേരില്‍ ലോക്കപ്പ് മുറിയില്‍ കടുത്ത മര്‍ദ്ദനമുറകള്‍ നേരിടേണ്ടിവന്നു.
1957ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തുമ്പോഴേക്കും പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് വളര്‍ന്ന അച്യുതാനന്ദന്‍ അന്നത്തെ ഒന്‍പതംഗ സംസ്ഥാനസമിതിയില്‍ അംഗവുമായി. ഇന്ന് സിപിഎം കേന്ദ്രകമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാണ്. വി എസിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ തുടക്കം തോല്‍വിയോടെയായിരുന്നു. 1965 ല്‍ സ്വന്തം മണ്ഡലമായ അമ്പലപ്പുഴയില്‍ കോണ്‍ഗ്രസിലെ കെ എസ് കൃഷ്ണക്കുറുപ്പിനോടായിരുന്നു ആദ്യത്തെ മത്സരവും പരാജയവും. പിന്നീട് 1967 ല്‍ കോണ്‍ഗ്രസിന്റെ എ അച്യുതനെ പരാജയപ്പെടുത്തി നിയമസഭയില്‍. പിന്നീട് പരാജയം അറിയേണ്ടി വന്നത് രണ്ട് തവണ മാത്രം. 1977ലും 1996ലും. 1996 ല്‍ ഇടതുശക്തികേന്ദ്രമായ മാരാരിക്കുളത്ത് വി എസിന് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത് പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഫലമായായിട്ടായിരുന്നു. അന്ന് മുഖ്യമന്ത്രിയാകുമെന്ന് കരുതിയിരുന്ന വിഎസിന്റെ തോല്‍വിയെക്കുറിച്ച് പാര്‍ട്ടി അന്വേഷണം നടത്തുകയും ചെയ്തിരുന്നു.
മൂന്ന് തവണ കേരളത്തിന്റെ പ്രതിപക്ഷ നേതാവായിരുന്നു. 1992 മുതല്‍ 1996 വരേയും 2001 മുതല്‍ 2006 വരേയും 2011 മുതല്‍ 2016 വരേയുമായിരുന്നു ഇത്. പ്രതിപക്ഷ നേതാവെന്ന രീതിയില്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത് 2006ല്‍. പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായുള്ള അഭിപ്രായ ഭിന്നതകള്‍ പാര്‍ട്ടിയും വി എസും രണ്ട് വഴിക്കെന്ന പ്രതീതിവരെ ജനിപ്പിച്ചിരുന്നു. 2011 ല്‍ അധികാര തുടര്‍ച്ച നേടാന്‍ കഴിഞ്ഞില്ലെങ്കിലും വി എസിന്റെ നേതൃത്വത്തില്‍ മികച്ച വിജയമായിരുന്നു ഇടതുമുന്നണി സംസ്ഥാനത്ത് സ്വന്തമാക്കിയത്.
പോളിറ്റ്ബ്യൂറോ അംഗം, കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ്, കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി, എല്‍ഡിഎഫ് കണ്‍വീനര്‍, സംസ്ഥാന ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ അങ്ങനെ പദവികളുടെ നീണ്ടനിര തന്നെ വി എസിനെ തേടിയെത്തി. 2006ല്‍ മുഖ്യമന്ത്രിയായിരുന്ന വി എസും പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും തമ്മിലുള്ള അഭിപ്രായ ഭിന്നത പലതവണ മറനീക്കി പുറത്തുവന്നു. കടുത്ത ഭിന്നതകള്‍ക്കൊടുവില്‍ 2007 മേയ് 26ന് വി എസിനെ പോളിറ്റ്ബ്യൂറോയില്‍ നിന്ന് താല്‍ക്കാലികമായി പുറത്താക്കി. പിന്നീട് വിഎസിനെ കേന്ദ്രകമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. പോളിറ്റ്ബ്യൂറോ അംഗമായിരുന്ന പിണറായിക്കെതിരെയും നടപടി ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ പിന്നീട് പി ബിയിലേക്ക് തിരിച്ചെടുത്തു. തരംതാഴ്ത്തലിന് പുറമെ പാര്‍ട്ടിയുടെ പരസ്യശാസനയ്ക്കും വി എസ് വിധേയനാകേണ്ടി വന്നിട്ടുണ്ട്.