കൊൽക്കത്ത: ഭർത്താവിനൊപ്പം നവരാത്രി പൂജകളിൽ പങ്കെടുത്ത് ബംഗാളി നടിയും തൃണമൂൽ കോൺഗ്രസ് എംപിയുമായ നുസ്രത് ജഹാൻ. ഭർത്താവ് നിഖിൽ ജെയ്നൊപ്പം കൊൽക്കത്ത സരൂച്ചി സംഘിലെ ദുർഗ പണ്ടാലിലെത്തിയാണ് നുസ്രത് ദുർഗ പൂജയും പ്രാർഥനയും നടത്തിയത്.
നവരാത്രിയോടനുബന്ധിച്ച ബംഗാളിലെ പരമ്പരാഗത നൃത്തത്തിലും നുസ്രത് പങ്കാളിയായി. ഇതിൻറെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കഴിഞ്ഞ വർഷവും നുസ്രത് ദുർഗാപൂജയിൽ പങ്കെടുത്തിരുന്നു.
സിന്ദൂർ ഖേലയിൽ പങ്കെടുത്തത് വലിയ വിവാദമാവുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം നുസ്രത് ജഹാൻ ദുർഗാ ദേവിയായി വേഷമിട്ടുകൊണ്ടുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിനെതിരെ വധഭീഷണി ഉയർന്നിരുന്നു. തുടർന്ന് എംപിയുടെ സുരക്ഷ ശക്തമാക്കിയിരുന്നു.
സെപ്തംബർ 17നാണ് ഒരു പരസ്യത്തിനു വേണ്ടി ദുർഗാദേവിയായി വേഷമിട്ടുകൊണ്ട് നുസ്രത് ജഹാൻ ഫോട്ടോപങ്കുവെച്ചത്. ഇതാദ്യമായിട്ടല്ല നുസ്രത് ജഹാനെതിരെ വധഭീഷണി ഉയർന്നത്. ഹിന്ദുവിനെ വിവാഹം കഴിച്ചതിനും സിന്ദൂരം അണിഞ്ഞതിനും രഥയാത്രയിൽ പങ്കെടുത്തതിനുമൊക്കെ നുസ്രതിന് നേരെ വധഭീഷണി ഉയർന്നിരുന്നു.
എല്ലാ മതവിഭാഗങ്ങളെയും ഒരു പോലെ നുസ്രത് ജഹാൻ ബഹുമാനിക്കുന്നുണ്ട്. ബംഗാളിലെ ബാസിർഹത് നിയോജക മണ്ഡലത്തിൽ നിന്നാണ് നുസ്രത് ജഹാന്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.