ബാലതാരവും അവതാരകയുമായ മീനാക്ഷി തന്റെ ഒരു പോസ്റ്റിന് താഴെ വന്ന കമന്റിന് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മലയാള സിനിമകളുടെ സ്ഥിരം ലൊക്കേഷനുകളിൽ ഒന്നായ വരിക്കാശ്ശേരി മനയുടെ മുമ്പിൽ നിൽക്കുന്ന ചിത്രമായിരുന്നു താരം പങ്കുവച്ചത്. ഒരു ആനയെ തൊട്ടു കൊണ്ട് നിൽക്കുന്ന ചിത്രത്തിന് 'ഇവിടുത്തെ മംഗലശ്ശേരി നീലകണ്ഠനും അറയ്ക്കൽ മാധവനുണ്ണിയും ഒക്കെ ഇനി..' എന്ന കാപ്ഷനാണ് നൽകിയത്. കാപ്ഷൻ അവസാനിക്കുമ്പോൾ ഒരു സ്മൈലി ഇമോജിയും നൽകുന്നുണ്ട്.
ഈ ചിത്രത്തിന് താഴെയാണ് 'പൊന്നുമോളെ ഈ വീട് കെഎം ഷാജിയുടേതാണെന്നും പറഞ്ഞുകൊണ്ട് കുറേയാളുകൾ വരുന്നുണ്ടല്ലോ' എന്ന കമന്റ് ചെയ്തത്. കമന്റ് ചെയ്തയാൾക്ക് മീനാക്ഷി കൃത്യമായി മറുപടിയും കൊടുത്തു. 'ഞാൻ പോയപ്പോ വരിക്കാശ്ശേരി മനയാരുന്നു' എന്നാണ് ഈ കമന്റിന് മീനാക്ഷി നൽകിയ മറുപടി. 969 ആളുകളാണ് മീനാക്ഷിയുടെ ഈ കമന്റിന് മാത്രം റിയാക്ഷൻ നൽകിയിരിക്കുന്നത്.
വരിക്കാശ്ശേരി മനയുടെ ചിത്രം പങ്കുവച്ച് മുസ്ലിം യൂത്ത് ലീഗിന്റെ ഫേസ്ബുക്ക് പേജിൽ ഒരു പോസ്റ്റ് വന്നിരുന്നെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരണം ഉണ്ടായിരുന്നു. കെ.എം ഷാജിയെ വരിക്കാശ്ശേരി മനയുമായി ബന്ധിപ്പിച്ചു കൊണ്ടുള്ളതാണ് പോസ്റ്റെന്നാണ് പ്രചരിച്ചത്. എന്നാൽ, ഇതിനെതിരെ മുസ്ലിം യൂത്ത് ലീഗ് രംഗത്തെത്തിയിരുന്നു. ഇത് വ്യാജമാണെന്നും സൈബർ സഖാക്കളുടെ പ്രവർത്തനമാണെന്നുമാണ് മുസ്ലിം യൂത്ത് ലീഗ് പറഞ്ഞത്.
[caption id="attachment_303785" align="aligncenter" width="1200"] കഴിഞ്ഞദിവസം കെ.എം ഷാജിയുടെ വീട് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് കോർപറേഷൻ നോട്ടീസ് നൽകിയെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ, തന്റെ വീട്ടിൽ ഇത്തരത്തിൽ ഒരു നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വീട്ടിലോ ഭാര്യയ്ക്കോ അങ്ങനെയൊരു നോട്ടീസ് ലഭിച്ചിട്ടില്ലെന്നും കോർപറേഷനിൽ വിളിച്ച് അന്വേഷിച്ചപ്പോൾ അവർ അത്തരത്തിൽ ഒരു നോട്ടീസ് പുറത്തിറക്കിയിട്ടില്ലെന്നാണ് പറഞ്ഞതെന്നും കെ.എം ഷാജി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. [/caption]
ഇതോടൊപ്പം, നല്ല സാമ്പത്തിക പശ്ചാത്തലത്തിൽ വളർന്നു വന്നയാളാണ് താനെന്നും അതുകൊണ്ടു തന്നെ ഇതിനെയെല്ലാം രേഖകൾ വച്ച് തെളിയിക്കാൻ തനിക്ക് കഴിയും. പിണറായിയും കോടിയേരിയും വീടുണ്ടാക്കിയ തരത്തിൽ തന്റെ വീട് കൂട്ടാൻ അവർ കണക്കാക്കേണ്ടെന്നും പരാമർശം നടത്തിയിരുന്നു. ഷാജിയുടെ വീട് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കോർപറേഷൻ നോട്ടീസ് നൽകിയെന്ന വാർത്തയോട് പ്രതികരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഇതിനു പിന്നാലെയാണ് വരിക്കാശ്ശേരി മനയുടെ ചിത്രം കെ.എം ഷാജിയുടെ പേരുമായി ബന്ധപ്പെടുത്തി പ്രചരിച്ചത്.