കണ്ണൂർ: തളിപറമ്പിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവ് അറസ്റ്റിൽ. പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് അറസ്റ്റ്. ഖത്തറിൽ നിന്ന് കണ്ണൂരിൽ എത്തിയപ്പോൾ വിമാത്താവളത്തിൽ വച്ചാണ് പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തത്. ലോക്ഡൗണിന് തൊട്ടുമുമ്പാണ് ഇയാൾ മകളെ പീഡിപ്പിച്ചത്. ഇതിന് ശേഷം വിദേശത്തേക്ക് കടക്കുകയായിരുന്നു.
മകളെ ഭീഷണിപ്പെടുത്തി കുറ്റം ബന്ധുവായ പത്താം ക്ലാസുകാരനിൽ കെട്ടിവെക്കാനും പിതാവ് ശ്രമം നടത്തിയിരുന്നു. അച്ഛൻ ഭീഷണിപ്പെടുത്തിയതിനാലാണ് ബന്ധുവായ പത്താം ക്ലാസുകാരനാണ് തന്നെ പീഡിപ്പിച്ചതെന്ന് ആദ്യം മൊഴി നൽകിയതെന്ന് പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തിയതോടെയാണ് അന്വഷണത്തിൽ നിർണായക വഴിത്തിരിവായത്. ഇതോടെ മകളെ പീഡിപ്പിച്ച ശേഷം, കുറ്റം ബന്ധുവായ പത്താംക്ലാസുകാരനിൽ കെട്ടിവെക്കാനുള്ള ശ്രമമാണ് പൊളിഞ്ഞത്.
വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് നാട്ടിൽ എത്തിയപ്പോഴാണ് പെൺകുട്ടിയെ പല തവണയായി പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറയുന്നു. നാട്ടിലുണ്ടായിരുന്ന ഇയാൾ ലോക് ഡൗണിന് ശേഷം വിദേശത്തേക്ക് തിരിച്ചുപോവുകയും ചെയ്തു. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥത അനുഭവപെട്ടതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ആറുമാസം ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്.
സംഭവം വിദേശത്തുള്ള പിതാവിനെ അറിയിച്ചിരുന്നു. എന്നാൽ, പിതാവ് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് കുട്ടി പൊലീസിനോട് ആദ്യം സത്യാവസ്ഥ തുറന്നു പറഞ്ഞിരുന്നില്ല.
2019 ഡിസംബറിൽ വീട്ടിൽ ആളില്ലാത്ത ദിവസം ബന്ധുവായ പത്താം ക്ലാസുകാരൻ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസിൽ പരാതി നൽകിയിരുന്നത്. എന്നാൽ പെൺകുട്ടിയുടെ മൊഴിയിൽ കണ്ടെത്തിയ ചില വൈരുദ്ധ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരിൽ സംശയമുയർത്തി. തുടർന്നാണ് വനിതാ പൊലീസുകാരും കൗൺസിലിംങ്ങ് വിദഗ്ധരും ചേർന്ന് കുട്ടിയോട് വിശദമായി സംസാരിച്ചത്.
അച്ഛൻ പലതവണ പീഡനത്തിന് ഇരയാക്കിയെന്ന് പെൺകുട്ടി ഒടുവിൽ സമ്മതിച്ചു. പീഡിപ്പിച്ച ശേഷം മകളെ ഭീഷണിപ്പെടുത്തി ബന്ധുവായ കൗമാരക്കാരന്റെ തലയിൽ കെട്ടിവെച്ചു തലയൂരാനാണ് പിതാവ് ശ്രമിച്ചതെന്ന് പൊലീസിന് വ്യക്തമായി.