
കൊച്ചി: നഗരത്തിൽ രണ്ടിടങ്ങളിൽ നിന്നും പൊലീസും എക്സൈസും 15 കിലോ കഞ്ചാവ് പിടികൂടി. നഗരത്തിലെ ഒരു ഫ്ലാറ്റിൽ നിന്നാണ് 10 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയത്. അതേസമയം ദുബായിലേക്ക് അയക്കാൻ എത്തിച്ച കുറിയർ പാർസലിൽ നിന്നാണ് എക്സൈസ് സംഘം അഞ്ച് കിലോ കഞ്ചാവ് കണ്ടെടുത്തത്.

കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി സ്വദേശി റഹീസ്, മരട് സ്വദേശി അഖിലേഷ് എന്നിവരാണ് പിടിയിലായത്.

ഇതിൽ റഹീസ് സിനിമയിലെ മേക്കപ് മാനാണ്. ഇയാൾ ‘കിങ് ഓഫ് ഡാര്‍ക്’ എന്ന അപരനാമത്തിലാണ് സിനിമാ മേഖലയിൽ അറിയപ്പെടുന്നത്. ഇതുവരെ നൂറ് കിലോ കഞ്ചാവ് വിറ്റിട്ടുണ്ടെന്ന് റഹീസ് പൊലീസിനോട് സമ്മതിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന.

ദുബായിലേക്ക് കുറിയർ വഴി കടത്താന്‍ ശ്രമിച്ച അഞ്ചുകിലോയോളം കഞ്ചാവാണ് പിടിച്ചെടുത്തത്. പലവ്യഞ്ജനങ്ങള്‍ക്കൊപ്പമാണ് ദുബായിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. 27 കിലോ തൂക്കമുണ്ടായിരുന്ന പായ്ക്കറ്റ് കണ്ണൂരില്‍നിന്നു കുറിയർ വഴിയാണ് കൊച്ചിയിലെ സ്ഥാപനത്തിലെത്തിയത്.

സംശയം തോന്നിയ കുറിയർ സ്ഥാപനം എക്സൈസിനെ വിവരമറിയിച്ചു. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കണ്ണൂരില്‍നിന്നു കുറിയർ അയച്ച വ്യക്തിയെ അറസ്റ്റ് ചെയ്യാനുള്ള നടപടി തുടങ്ങിയതായി എക്സൈസ് അസിസ്റ്റന്റ് കമ്മിഷണര്‍ ടി.എസ്. ശശികുമാര്‍ പറഞ്ഞു. കോയമ്പത്തൂരില്‍നിന്നാണ് കഞ്ചാവ് എത്തിച്ചിരുന്നത്.