കാമുകിയുമായി കിടക്ക പങ്കിട്ട ഭർത്താവിന് പ്രകൃതമായ ശിക്ഷ വിധിച്ച് ഭാര്യ. ചൈനയിലാണ് സംഭവം. മറ്റൊരു സ്ത്രീയ്ക്കൊപ്പം കിടക്ക പങ്കിടുന്നതിനിടെ പിടിയിലായ ഭർത്താവിന്റെ കൈകാലുകൾ ബന്ധിച്ച് മുള കൊണ്ടുള്ള കൂട്ടിലടച്ച് നദിയിലേക്ക് വലിച്ചെറിഞ്ഞു.
തെക്കന്‍ ചൈനയിലെ മാവോമിംഗ് നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നതെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. സ്ത്രീയുമായി കിടക്ക പങ്കിടുന്ന മുറിയിലേക്ക് ഇരച്ചു കയറുന്ന ആളുകള്‍ ഭാര്യയുടെ നിർദ്ദേശ പ്രകാരം യുവാവിനെ മുള കൊണ്ടുള്ള കൂട്ടില്‍ ബന്ധിക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അവിഹിതത്തിന് പിടിയിലാകുന്നവരെ പന്നികളെ കുടുക്കുന്ന കൂട്ടിനുള്ളിലാക്കി നദികളില്‍ വലിച്ചെറിയുന്ന ശിക്ഷാ രീതി ചൈനയിൽ കാലങ്ങൾക്ക് മുൻപ് നിലവിലുണ്ടായിരുന്നു. നദിയിൽ വലിച്ചെറിയുമ്പോൾ രക്ഷപ്പെടാതിരിക്കാനാണ് കുറ്റവാളിയെ പന്നിക്കൂട്ടിൽ ബന്ധിക്കുന്നത്.
ഈ ശിക്ഷ രീതി തന്നെയാണ് ഭാര്യ ഭർത്താവിനായി തെരഞ്ഞെടുത്തതും നടപ്പിലാക്കിയതും. എന്നാൽ 'പന്നി കൂട്ടില്‍ മുക്കുക' എന്ന ശിക്ഷാരീതി ചൈനയിൽ നിയമ വിരുദ്ധമാണ്.
മുളകൊണ്ടുള്ള കൂട്ടിലിട്ട യുവാവിനെ നദിയില്‍ മുക്കിയെങ്കിലും പിന്നീട് രക്ഷപ്പെടുത്തി. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ മാവോമിംഗ് നഗരത്തിലാണ് സംഭവമുണ്ടായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ചൈനീസ് മാധ്യമങ്ങളെ ഉദ്ധരിച്ച് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.