പ്രേമം സിനിമയിലെ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് അനുപമ പരമേശ്വരൻ. ആദ്യ സിനിമയിലെ പുതുമുഖം ആരെന്നു അറിയാനുള്ള വ്യഗ്രതയെക്കാൾ എല്ലാവർക്കും ഉണ്ടായിരുന്നത് പനങ്കുല പോലുള്ള മുടിയുള്ള സുന്ദരി ആരെന്ന ചോദ്യമായിരുന്നു. അന്ന് മുതൽ അനുപമ എന്ന താരത്തിന്റെ അതേ സ്റ്റാർ വാല്യൂ ആ തലമുടിക്കും കിട്ടിത്തുടങ്ങി
പിന്നെ അധികം മലയാള സിനിമകളിൽ അനുപമ പ്രത്യക്ഷപ്പെട്ടില്ലെങ്കിലും ഓരോ തവണ വരുമ്പോഴും ആ തലമുടിയിൽ ആരാധകരുടെ കണ്ണുടക്കി. അന്യ ഭാഷകളിലേക്ക് ചേക്കേറിയ അനുപമ, ഏറെ നാളുകൾക്കു ശേഷം വീണ്ടും ശാലീനത തുളുമ്പുന്ന വേഷം അവതരിപ്പിച്ചത് ഡിജിറ്റൽ റിലീസ് ചെയ്ത 'മണിയറയിലെ അശോകൻ' എന്ന ചിത്രത്തിലാണ്
മലയാള സിനിമയിൽ നീണ്ട് ഇടതൂർന്ന തലമുടിയുള്ള നടിമാർ വന്നപ്പോഴെല്ലാം ഏവർക്കും അറിയേണ്ട ഒരു കാര്യം ആ തലമുടിയുടെ രഹസ്യം എന്തെന്ന് തന്നെയായിരുന്നു. ചിലർക്ക് അത് പാരമ്പര്യമായി ലഭിച്ച വരദാനമെങ്കിൽ, മറ്റു ചിലർ സമയം ചിലവിട്ടു പരിപാലിച്ചാണ് തലമുടി ഇത്തരത്തിൽ സൂക്ഷിച്ചു പോന്നത്. ഓരോരുത്തർക്കും ഓരോ കാരണങ്ങൾ ആണ് പറയാനുണ്ടായിരുന്നത്
എന്നാൽ തീർത്തും നാച്ചുറൽ ലുക്കുള്ള തന്റെ തലമുടിയുടെ രഹസ്യം അനുപമ പറയുന്നു. മുടിയിൽ തേച്ചുപിടിപ്പിച്ചിരിക്കുന്ന 'മാന്ത്രിക ലേപനം' എന്തെന്ന് അനുപമ ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കുന്നു. അതെന്താണെന്ന് അറിയേണ്ടേ?
ആ 'മാന്ത്രിക ലേപനം' മറ്റൊന്നുമല്ല, വെളിച്ചെണ്ണയാണ്. തലമുടിയിൽ വെളിച്ചെണ്ണ പുരട്ടിയുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് അനുപമ അക്കാര്യം പോസ്റ്റ് ചെയ്തത്
അനുപമ പരമേശ്വരൻ