ബോളിവുഡിലെ പ്രമുഖ താര കുടുംബത്തിലെ അംഗമാണ് കരീന കപൂറും സഹോദരി കരിഷ്മ കപൂറും. മാതാപിതാക്കളായ റൺദീർ കപൂർ, ബബിത കപൂറുമായുള്ള ബന്ധത്തെ കുറിച്ച് അപൂർവമായി മാത്രമേ കരീന തുറന്നു പറയാറുള്ളൂ. ഇതാദ്യമായി മാതാപിതാക്കൾ തമ്മിലുള്ള ബന്ധത്തെ കുറിച്ചും വേർപിരിയലിനെ കുറിച്ചും മനസ്സു തുറന്നിരിക്കുകയാണ് കരീന.
മോജോ സ്റ്റോറിക്ക് നൽകിയ അഭിമുഖത്തിലാണ് കരീന മാതാപിതാക്കളുടെ വേർപിരിയലിനെ കുറിച്ചും ഇരുവരുമായുള്ള അടുപ്പത്തെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ മാതാപിതാക്കൾ തമ്മിലുള്ള ബന്ധം താനും സഹോദരിയും മനസ്സിലാക്കിയിരുന്നതായി കരീന പറയുന്നു.
അമ്മയാണ് തന്റെ ഏറ്റവും അടുത്ത സുഹൃത്ത്. അതേസമയം, അച്ഛനെ താൻ ഒരുപാട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഒരിക്കലും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനോ അതിനു വേണ്ടി ശ്രമിക്കുകയോ ചെയ്ത ആളല്ല അദ്ദേഹം. എന്നും പിന്നിൽ നിന്ന് പിന്തുണ നൽകാനായിരുന്നു അദ്ദേഹത്തിന് താത്പര്യം.
വളരെ നല്ല ബന്ധമായിരുന്നു അച്ഛനും അമ്മയും തമ്മിൽ. ഒരു ഘട്ടത്തിൽ രണ്ട് വ്യക്തികൾക്ക് അവർ പ്രതീക്ഷിച്ച രീതിയിലല്ല ജീവിതം മുന്നോട്ടുപോകുന്നത് എന്ന് തോന്നിയാൽ വേർപിരിയുന്നതാണ് കൂടുതൽ നല്ലത്. അതിന് ശേഷവും അവർക്ക് നല്ല സുഹൃത്തുക്കളായി തുടരാനും കുട്ടികളെ കുറിച്ച് ഒന്നിിച്ച് തീരുമാനമെടുക്കാനും സാധിക്കും. എല്ലാദിവസവും ഒരേ വീട്ടിൽ ഒന്നിച്ച് കഴിയണമെന്ന് നിർബന്ധമില്ല.
ചെറിയ പ്രായത്തിൽ തന്നെ തനിക്കും കരിഷ്മയ്ക്കും മാതാപിതാക്കളുടെ ബന്ധത്തെ കുറിച്ച് മനസ്സിലായിരുന്നു. അങ്ങനെയും ബന്ധങ്ങൾ ഉണ്ടാകുമെന്ന് തിരിച്ചറിയാനും സാധിച്ചു. ഇപ്പോഴും ആവശ്യമുള്ള അവസരങ്ങളിൽ എല്ലാം അവർ ഒന്നിക്കാറുണ്ട്. പക്ഷേ, ദിവസേനയുള്ള ജീവിതത്തിൽ വേർപിരിഞ്ഞ് കഴിയാനാണ് അവരുടെ തീരുമാനം. കരീന കപൂർ പറയുന്നു.
റൺദീർ കപൂറിന്റെ ആദ്യ ചിത്രമായ കൽ ആജ് ഔർ കൽ എന്ന ചിത്രത്തിന് ശേഷം 1971 നവംബർ ആറിനാണ് ബബിതയെ വിവാഹം ചെയ്യുന്നത്. ബബിതയായിരുന്നു ചിത്രത്തിൽ അദ്ദേഹത്തിന്റെ നായികയായി അഭിനയിച്ചത്.
1988 ൽ റൺദീർ കപൂർ ബബിതയുമായി വേർപിരിഞ്ഞ് മാതാപിതാക്കൾക്കൊപ്പം താമസം തുടങ്ങി. വേർപിരിയലിനെ കുറിച്ച് റൺദീപ് മുൻപ് പറഞ്ഞത് ഇങ്ങനെയായിരുന്നു,
"വീട്ടിൽ വൈകി എത്തുന്ന മദ്യപാനിയായ ഒരാളാണ് താനെന്ന് അവർ തിരിച്ചറിഞ്ഞു. അവർക്കത് അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല. അവർ ആഗ്രഹിച്ചത് പോലെ ജീവിക്കാൻ എനിക്കും സാധിക്കുമായിരുന്നില്ല. താൻ എങ്ങനെയാണോ ആ രീതിയിൽ ഉൾക്കൊള്ളാൻ അവരും തയ്യാറായിരുന്നില്ല.
പിന്നെ ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നതിനാൽ അത് കുഴപ്പമില്ലായിരുന്നു. രണ്ട് കുട്ടികളുണ്ടായി. അവരെ മികച്ച രീതിയിൽ തന്നെ ബബിത വളർത്തി. അവർ കരിയറിൽ ഉയരങ്ങളിലെത്തി. ഇതിൽ കൂടുതൽ അച്ഛൻ എന്ന നിലയിൽ തനിക്ക് എന്താണ് വേണ്ടത്"