ന്യൂഡൽഹി: 60 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും 45 വയസിന് മുകളിലുള്ളവർക്കുമുള്ള കോവിഡ് വാക്സിൻ വിതരണത്തിന് മികച്ച പ്രതികരണം. ഇന്ന് രാത്രി ഏഴുമണിവരെ 4.27 ലക്ഷം വാക്സിൻ ഡോസുകളാണ് നൽകിയതെന്ന് അധികൃതർ അറിയിച്ചു. ഇന്ന് മാത്രം കോവിഡ് വാക്സിനായി കോ-വിൻ പോർട്ടലിൽ 25 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 24.5 ലക്ഷം പൗരന്മാരും ബാക്കി ആരോഗ്യപ്രവർത്തകരും കോവിഡ് മുന്നണി പോരാളികളുമാണ്.
രാജ്യത്ത് ഇതുവരെ 1,47,28,569 ഡോസുകളാണ് നൽകിയത്. ഇന്ന് വാക്സിൻ സ്വീകരിച്ചവരിൽ 1,28,630 പേർ 60 വയസിന് മുകളിലുള്ളവരാണ്. 45 വയസിന് മുകളിലുള്ള ഗുരുതര രോഗങ്ങളുള്ള 18,850 പേരും കോവിഡ് വാക്സിനെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൂടാതെ ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യമന്ത്രി എസ് ജയശങ്കർ എന്നിവരും ഇന്ന് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു.
കേരളത്തിലും മുതിർന്ന പൗരൻമാർക്കുള്ള കോവിഡ് വാക്സിൻ വിതരണത്തിനു മികച്ച പ്രതികരണമാണ് ലഭിച്ചത്. 45-59 പ്രായപരിധിയിലുള്ള ഗുരുതര രോഗബാധിതർക്കും വാക്സിൻ നൽകി തുടങ്ങി. വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയുള്ള റജിസ്ട്രേഷൻ തല്‍ക്കാലം ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കോവിഡ്- 19 പ്രതിരോധ കുത്തിവയ്പ് എടുക്കാന്‍ എത്തിയ മുതിര്‍ന്ന പൗരന്മാരുടെ നീണ്ടനിരയായിരുന്നു. ആരോഗ്യ പ്രവര്‍ത്തകർക്കുള്ള വാക്സിനേഷനും തുടരുന്നുണ്ട്.
cowin.gov.in എന്ന പോര്‍ട്ടല്‍ മുഖേനയും ആരോഗ്യ സേതു ആപ് വഴിയുമാണ് മുതിർന്ന പൗരൻമാരും 45 കഴിഞ്ഞ മറ്റ് അസുഖങ്ങളുള്ളവരും വാക്സിനേഷനായി രജിസ്റ്റർ ചെയ്യേണ്ടത്. ആദ്യ ദിനം തന്നെ രജിസ്റ്റർ ചെയ്ത ഭൂരിഭാഗം പേർക്കും വാക്സീനെടുക്കാൻ സാധിച്ചു. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി റജിസ്റ്റർ ചെയ്യുന്നത് അല്‍പം തിരക്കുണ്ടാക്കി. ഇതൊഴിവാക്കാന്‍ പോർട്ടല്‍ വഴി റജിസ്റ്റര്‍ ചെയ്യണം. നാല് ലക്ഷം കോവിഷീൽഡ് വാക്സിനാണ് രണ്ടാംഘട്ട വാക്സിനേഷനായി സംസ്ഥാനത്ത് എത്തിച്ചത്. സർക്കാർ ആശുപത്രികൾക്ക് പുറമെ മൂന്നുറിലധികം സ്വകാര്യ ആശുപത്രികളിലും കുത്തിവയ്പ്പെടുക്കാം.
മുതിർന്ന പൗരൻമാർക്ക് വാക്സീൻ വിതരണം ഔദ്യോഗികമായി ആരംഭിച്ച ഇന്ന് എറണാകുളം ജില്ലയിൽ പത്തിൽ താഴെ മാത്രം ആളുകൾക്കു മാത്രമാണ് കുത്തിവയ്പു നൽകിയത്. നാളെയും സർക്കാർ ആശുപത്രി വഴിയുള്ള വിതരണം പൊതുജനങ്ങൾക്കുണ്ടാവില്ല. മൂന്നാം തീയതി വരെ പോളിങ് ഉദ്യോഗസ്ഥർക്ക് വാക്സിൻ നൽകിയ ശേഷം മാത്രമായിരിക്കും അനുവദിച്ച വിഭാഗത്തിനു നൽകിത്തുടങ്ങുക. സ്വകാര്യ സ്ഥാപനങ്ങൾ വഴിയുള്ള വാക്സിൻ വിതരണം നാളെയുണ്ടാകുമോ എന്ന കാര്യത്തിൽ ഉടൻ ഔദ്യോഗിക തീരുമാനമുണ്ടാകുമെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. അതേ സമയം ആപ് വഴിയുള്ള വാക്സിൻ റജിസ്ട്രേഷൻ പ്രവർത്തനക്ഷമമായിട്ടില്ല. www.cowin.gov.in എന്ന പോർട്ടൽ വഴി റജിസ്ട്രേഷൻ സാധ്യമാകുന്നുണ്ട്.
വാക്സിനേഷന്‍ സെന്ററുകളുടെ പട്ടികയും ഒഴിഞ്ഞ സ്ലോട്ടുകള്‍ ലഭ്യമായ തീയതിയും പോർട്ടലിൽ കാണാം. അതനുസരിച്ച് ലഭ്യമായ സ്ലോട്ടുകള്‍ അടിസ്ഥാനമാക്കി ബുക്ക് ചെയ്യാം. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പരമാവധി നാല് പേർക്ക് രജിസ്റ്റര്‍ ചെയ്യാം. ഗുണഭോക്താവിന്റെ പ്രായം 45 മുതല്‍ 59 വരെയാണെങ്കില്‍ എന്തെങ്കിലും അസുഖമുണ്ടോയെന്നു വ്യക്തമാക്കണം. രജിസ്ട്രേഷന്‍ പൂര്‍ത്തിയായാല്‍ രജിസ്ട്രേഷന്‍ സ്ലിപ്പ് അല്ലെങ്കില്‍ ടോക്കണ്‍ ലഭിക്കും. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ സ്ഥിരീകരണ എസ്.എം.എസ്. ലഭിക്കും. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോള്‍ത്തന്നെ രണ്ടാം ഡോസിനുള്ള തീയതി അനുവദിക്കും.
വാക്സിനെടുക്കാന്‍ എത്തുമ്പോള്‍ ആധാര്‍ കാര്‍ഡ് ഹാജരാക്കണം. മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡുകളും സ്വീകരിക്കും. 45 മുതല്‍ 59 വയസ്സ് വരെയുള്ളവരാണെങ്കില്‍ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ് വിവരങ്ങൾ നൽകിയാൽ വാക്സിന് വേണ്ടി രജിസ്റ്റർ ചെയ്യാനാകും. 60 വയസ് കഴിഞ്ഞ 45 ലക്ഷം പേരാണ് കേരളത്തിലുള്ളത്.