സ്മാർട്ട് ഫോണുകൾ ഇന്ന് നമ്മുടെ ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. നിരവധി സ്മാർട്ട്ഫോണുകളാണ് ഓരോ വർഷവും വിപണിയിൽ ഇറങ്ങുന്നത്. മാർക്കറ്റ് റിസേർച്ച് സ്ഥാപനമായ ഓംഡിയ 2020 ൽ ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട സ്മാർട്ട്‌ഫോണുകളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തിറക്കി. സാംസങ്, ഷവോമി എന്നീ കമ്പനികളെ പിന്നിലാക്കി ആപ്പിൾ ആണ് പട്ടികയിൽ ഒന്നാമത്. ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന 10 സ്മാർട്ട്‌ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം.
ആപ്പിൾ ഐഫോൺ 11: ഐഫോണുകളിലെ താങ്ങാനാവുന്ന വിലയിലുള്ള ഫോണാണ് 2019ൽ പുറത്തിറക്കിയ ഐഫോൺ 11. കഴിഞ്ഞ വർഷം ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട സ്മാർട്ട്‌ഫോണായി ഐഫോൺ 11 മാറി. 2020ൽ ആപ്പിൾ 64.8 മില്യൺ ഐഫോൺ 11 വിറ്റഴിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഐഫോൺ 11ന്റെ നിലവിലെ വില 69,900 രൂപയാണ്.
ആപ്പിൾ ഐഫോൺ എസ്ഇ (2020): പട്ടികയിലെ മറ്റൊരു ആപ്പിൾ മോഡലാണ് 2020 ലെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള ഐഫോണായ - ഐഫോൺ എസ്ഇ. 24.2 മില്യൺ ഐഫോൺ എസ്ഇ ഫോണുകൾ 2020ൽ വിറ്റഴിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഐഫോൺ എസ്ഇയുടെ വില 37,900 രൂപയാണ്.
ഐഫോൺ 12: ഐഫോൺ 11ന്റെ പിൻഗാമിയായ ഐഫോൺ 12 2020 ൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഫോണുകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ വർഷം ആപ്പിൾ ഈ ഹാൻഡ്‌സെറ്റിന്റെ 23.3 മില്യൺ യൂണിറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്. ഇന്ത്യയിൽ 83,400 രൂപയാണ് ഇതിന്റെ വില.
സാംസങ് ഗാലക്‌സി എ 51: പട്ടികയിൽ നാലാം സ്ഥാനത്ത് 23.2 മില്യൺ ഫോണുകൾ വിറ്റഴിക്കപ്പെട്ട സാംസങ് ഗാലക്‌സി എ 51 ആണ്. 2020 ൽ ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണാണ് സാംസങ് ഗാലക്‌സി എ 51. 20,999 രൂപയാണ് ഫോണിന്റെ നിലവിലെ പ്രാരംഭ വില.
സാംസങ് ഗാലക്‌സി എ 21 എസ്: അടുത്തതായി പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത് സാംസങിന്റെ മറ്റൊരു ഗാലക്‌സി എ സീരീസ് സ്മാർട്ട്‌ഫോൺ ആണ്. ഗാലക്‌സി എ 21 എസ്. 2020 ൽ സാംസങ് ഈ ഹാൻഡ്‌സെറ്റിന്റെ 19.4 മില്യൺ യൂണിറ്റുകൾ വിറ്റു. 13,999 രൂപയ്ക്ക് ഫോൺ വാങ്ങാം.
സാംസങ് ഗാലക്‌സി എ 01: ഗാലക്‌സി എ 01 എന്ന മറ്റൊരു സാംസങ് ഗാലക്‌സി എ-സീരീസ് സ്മാർട്ട്‌ഫോൺ പട്ടികയിൽ ആറാം സ്ഥാനം ഉറപ്പിച്ചു. 2020 ൽ 16.9 മില്യൺ യൂണിറ്റ് സാംസങ് ഗാലക്‌സി എ 01 ഫോണുകൾ കയറ്റുമതി ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
ഐഫോൺ 12 പ്രോ മാക്സ്: ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന 10 സ്മാർട്ട്‌ഫോണുകളുടെ പട്ടികയിലെ നാലാമത്തെ ഐഫോൺ ആണ് 2020 ലെ വില കൂടിയ ഐഫോണുകളിലൊന്നായ ഐഫോൺ 12 പ്രോ മാക്‌സ്. റിപ്പോർട്ട് അനുസരിച്ച് 2020 ൽ ആപ്പിൾ 16.8 മില്യൺ യൂണിറ്റ് സ്മാർട്ട്‌ഫോണുകൾ വിറ്റു. 1,29,900 രൂപയാണ് ഈ ഫോണിന്റെ വില.
സാംസങ് ഗാലക്‌സി എ 11: 2020 ൽ 15.3 മില്യൺ യൂണിറ്റ് കയറ്റുമതി ചെയ്ത സാംസങ് ഗാലക്‌സി എ 11 ആണ് എട്ടാം സ്ഥാനത്തുള്ള സ്മാർട്ട് ഫോൺ.
ഷവോമി റെഡ്മി നോട്ട് 9 പ്രോ: പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് ഷവോമി സ്മാർട്ട്‌ഫോണായ റെഡ്മി നോട്ട് 9 പ്രോ. റിപ്പോർട്ട് അനുസരിച്ച്, ഷവോമി ഈ ഫോണിന്റെ 15 മില്യൺ യൂണിറ്റുകൾ ലോകമെമ്പാടും കയറ്റി അയച്ചിട്ടുണ്ട്. ഏകദേശം 12,999 രൂപ മുതലാണ് ഈ ഫോണിന്റെ വില.
ആപ്പിൾ ഐഫോൺ 12 മിനി: ഐഫോൺ 12ന്റെ ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള മറ്റൊരു ഐഫോണാണ് ഐഫോൺ 12 മിനി. കഴിഞ്ഞ വർഷം ഈ ഫോണിന്റെ 14.5 മില്യൺ യൂണിറ്റുകൾ വിറ്റതായാണ് റിപ്പോർട്ട്. 71,900 രൂപയ്ക്ക് ഫോൺ ആമസോണിൽ ലഭ്യമാണ്.